ചംപായ് സോറനെ ക്ഷണിച്ച് ​ഗവർണർ;10 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണം

 അശങ്കകൾക്കൊടുവിൽ ഝാർഖണ്ഡിൽ പുതിയ സർക്കാരുണ്ടാക്കാൻ ഗവർണറുടെ അനുമതി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ജെ.എം.എം. നിയമസഭാകക്ഷിനേതാവ് ചംപായ് സോറനെ ഗവർണർ സി.പി രാധാകൃഷ്ണൻ ക്ഷണിച്ചു. വ്യാഴാഴ്ച അർധരാത്രിയോടെ ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി നിതിൻ മദൻ കുൽക്കർണിയാണ് ഇക്കാര്യമറിയിച്ചത്. പത്തുദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാനാവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച സത്യപ്രതിജ്ഞ നടത്തുമെനന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ രാജേഷ് താക്കൂർ പറഞ്ഞു.

നേരത്തെ, രാജ്ഭവനിലെത്തിയ സോറൻ സർക്കാർ ഉണ്ടാക്കാനുള്ള തന്റെ അവകാശവാദം അംഗീകരിക്കണമെന്ന് ഗവർണർ സി.പി. രാധാകൃഷ്ണനോട് ആവശ്യപ്പെട്ടിരുന്നു. ഝാർഖണ്ഡിൽ കഴിഞ്ഞ 20 മണിക്കൂറായി ഭരണനേതൃത്വമില്ലെന്നും എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്നും ഗവർണറോട് അദ്ദേഹം ആവശ്യപ്പെട്ടു.

ചംപായ് സോറൻ ഗവർണറെ കാണുന്നതിന് മുമ്പ്, 43 എം.എൽ.എമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് വ്യക്തമാക്കി ഭരണസഖ്യം വീഡിയോയും പുറത്തുവിട്ടിരുന്നു. എം.എൽ.എമാരുടെ എണ്ണം വ്യക്തമാക്കുന്ന വീഡിയോയാണ് പുറത്തുവിട്ടത്. ചംപായ് സോറനിൽനിന്ന് തുടങ്ങി ഓരോ എം.എൽ.എമാരായി എണ്ണമെടുക്കുന്നതായിരുന്നു ദൃശ്യങ്ങളിൽ.

അതിനിടെ സർക്കാർ രൂപവത്കരിക്കാൻ ക്ഷണം വൈകുന്നത് ബി.ജെ.പി. കുതിരക്കച്ചവടത്തിനായി ദുരുപയോഗം ചെയ്യുമെന്ന ആശങ്കയെത്തുടർന്ന് ഭരണസഖ്യം 43 എം.എൽ.എ.മാരെ ഹൈദരാബാദിലേക്ക് മാററാനായി രണ്ടു ചാർട്ടേഡ് വിമാനങ്ങൾ ബുക്കുചെയ്തിരുന്നു. എം.എൽ.എമാർ റാഞ്ചി വിമാനത്താവളത്തിലെത്തി കാത്തുനിന്നെങ്കിലും കാഴ്ചാസാധ്യത കുറവായതിനാൽ വിമാനങ്ങൾക്ക് പുറപ്പെടാൻ കഴിഞ്ഞില്ല. തുടർന്ന്, എം.എൽ.എ.മാർ താമസിച്ചിരുന്ന സർക്യൂട്ട് ഹൗസിലേക്ക് മടങ്ങി.

Top