നിയമത്തിന്റെ പേരു പറഞ്ഞ് സർക്കാരിനെ അലോസരപ്പെടുത്തുന്നു; ഗവർണർക്കെതിരെ എം വി ഗോവിന്ദൻ

തിരുവനന്തപുരം: ഗവർണർ നിയമം പാലിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണർ ശരിയായ രീതിയിൽ നിയമപരമായിട്ട് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കുഴപ്പമില്ല. എന്നാൽ നിയമത്തിന്റെ പേരു പറഞ്ഞ് സർക്കാരിനെ തന്നെ അലോസരപ്പെടുത്തുകയാണ് ചെയ്യുന്നത്. അതിനെയാണ് തങ്ങൾ എതിർത്തതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

സജി ചെറിയാന്റെ സത്യപ്രതിജ്ഞയിൽ തീരുമാനം വൈകുന്നതിലാണ് സിപിഎം ഗവർണർക്കെതിരെ വിമർശനം ഉന്നയിച്ചത്. നിയമവിരുദ്ധമായ നിലയിലേക്ക് കാര്യങ്ങൾ പോകുമ്പോഴാണ് പ്രശ്‌നങ്ങൾ. അതിനെയാണ് പാർട്ടി ശക്തിയായി എതിർക്കുന്നത്. ലക്ഷക്കണക്കിന് ആളുകളെ അണിനിരത്തി പ്രതിരോധം തീർത്തത്.

ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ ശരിയായ തരത്തിലുള്ള വിധിയുണ്ട്. ഭരണഘടനയെ ഒരാൾ വിമർശിച്ചാൽ, വിമർശിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പറയാൻ സാധിക്കില്ല. അതിനപ്പുറം പറയേണ്ട കാര്യമില്ലല്ലോ എന്ന് ഗോവിന്ദൻ പറഞ്ഞു.

അതേസമയം ഗവർണറും ഭരണഘടനയ്ക്ക് വിധേയമായിട്ടാണ് പ്രവർത്തിക്കേണ്ടതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഭരണഘടനാനുസൃതമായിട്ടാണ് എല്ലാവരും പ്രവർത്തിക്കുക. ഭരണഘടനയിൽ ഇതേപ്പറ്റിയെല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ട്. കൂടുതലൊന്നും പറയാനില്ലെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു.

Top