‘തനിക്കെതിരായ നീക്കത്തിൽ താൻ വിധികർത്താവാകില്ല’; ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവർണർ

തിരുവനന്തപുരം: ചാൻസലർ സ്ഥാനത്തു നിന്നും തന്നെ മാറ്റാനുള്ള ഓർഡിനൻസ് രാഷ്ട്രപതിക്ക് അയച്ചേക്കുമെന്ന് സൂചിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെയാണ് ഓർഡിനൻസിലൂടെ ലക്ഷ്യമിടുന്നതെങ്കിൽ താൻ തന്നെ അതിന്റെ വിധികർത്താവാകില്ല. ഓർഡിനൻസ് കണ്ട ശേഷം തീരുമാനമെടുക്കുമെന്നും ഗവർണർ പറഞ്ഞു.

ഓർഡിനൻസ് പരിശോധിച്ച ശേഷം തീരുമാനമെടുക്കാനായി രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവർണർ സൂചിപ്പിച്ചു. നിയമപരമായി നീങ്ങാനാണ് സർക്കാരിന്റെ തീരുമാനമെങ്കിൽ അത് സ്വാഗതം ചെയ്യുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ദിവസങ്ങൾ നീണ്ട ആശയക്കുഴപ്പത്തിനൊടുവിൽ ഇന്നലെയാണ് സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റിക്കൊണ്ടുള്ള ഓർഡിനൻസ് സർക്കാർ രാജ്ഭവനിലേക്ക് അയച്ചത്.

ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് ഗവർണറെ ചാൻസലർ പദവിയിൽ നിന്നും നീക്കാൻ ഓർഡിനൻസ് പുറപ്പെടുവിക്കാൻ തീരുമാനിച്ചത്. ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്നും മാറ്റുന്ന കാര്യത്തിൽ ഇനി പിന്നോട്ടില്ലെന്നാണ് സർക്കാർ നിലപാട്. ഓർഡിനൻസിന് പിന്നാലെ നിയമസഭ സമ്മേളനത്തിൽ ഇതുസംബന്ധിച്ച ബിൽ അവതരിപ്പിക്കാനും നീക്കമുണ്ട്.

Top