അറസ്റ്റിലായ തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ വകുപ്പ് കൈമാറാനുള്ള ശുപാർശ തള്ളി ഗവർണർ

ചെന്നൈ : സർക്കാർ ജോലിക്കു കോഴ വാങ്ങിയെന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ വകുപ്പുകൾ മറ്റു മന്ത്രിമാർക്കു കൈമാറാനുള്ള മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ശുപാർശ ഗവർണർ ആർ.എൻ.രവി തള്ളി.

വൈദ്യുതി, എക്സൈസ് വകുപ്പുകൾ മാറ്റുന്നതിനു കാരണമായി സെന്തിലിന്റെ അനാരോഗ്യം ചൂണ്ടിക്കാട്ടിയതു വിശ്വസനീയമല്ലെന്നാണു ഗവർണറുടെ നിലപാട്. എന്നാൽ, വകുപ്പുമാറ്റം ആവശ്യപ്പെട്ട് മുഖ്യമന്ത്രി വീണ്ടും ഗവർണർക്കു കത്തയച്ചു. സെന്തിലിനെ വകുപ്പില്ലാ മന്ത്രിയാക്കി നിലനിർത്താനാണു സ്റ്റാലിന്റെ തീരുമാനം.

അറസ്റ്റിനു പിന്നാലെ ആരോഗ്യനില മോശമായ സെന്തിലിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രി ‘കാവേരി’ യിലേക്കു മാറ്റി. മദ്രാസ് ഹൈക്കോടതി അനുമതി നൽകിയതിനെ തുടർന്നാണിത്. എന്നാൽ, മന്ത്രി ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരണം. അതേസമയം, അറസ്റ്റിനിടെ സെന്തിലിന്റെ തലയ്ക്കും ചെവിക്കും പരുക്കേറ്റതായും കേസെടുക്കുമെന്നും തമിഴ്നാട് മനുഷ്യാവകാശ കമ്മിഷൻ അറിയിച്ചു.

അറസ്റ്റിൽ നടപടിക്രമം പാലിച്ചില്ലെന്ന ഹർജിയിൽ ഇഡിയോട് മറുപടി ആവശ്യപ്പെട്ട ഹൈക്കോടതി കേസ് 22ലേക്കു മാറ്റി. ചെന്നൈ പ്രി‍ൻസിപ്പൽ സെഷൻസ് കോടതിയിലെ മന്ത്രിയുടെ ജാമ്യ ഹർജിയും ഇഡിയുടെ കസ്റ്റഡി അപേക്ഷയും ഇന്നു വിധി പറയാൻ മാറ്റി.

സെന്തിൽ ബാലാജിയുടെ 25 കോടിയുടെ ബെനാമി സ്വത്ത് തിരിച്ചറിഞ്ഞെന്ന് ഇഡി കോടതിയെ അറിയിച്ചു. മന്ത്രിയുടെ അക്കൗണ്ടിലുള്ള 1.34 കോടി, ഭാര്യയുടെ അക്കൗണ്ടിലുള്ള 29.55 കോടി രൂപ എന്നിവ ആദായനികുതി റിട്ടേണുമായി പൊരുത്തപ്പെടുന്നില്ലെന്നും റിമാൻഡ് പെറ്റീഷനിൽ ഇഡി പറയുന്നു.

ചെന്നൈ ∙ ഡിഎംകെയെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് ടി.ആർ.ബാലു എംപി നൽകിയ മാനനഷ്ടക്കേസി‍ൽ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ ജൂലൈ 14നു ഹാജരാകണമെന്നു ചെന്നൈ സൈദാപ്പെട്ട് കോടതി ഉത്തരവിട്ടു. ഭരണകക്ഷിയായ ഡിഎംകെയുടെ നേതാക്കൾക്കെതിരെ അനധികൃത സ്വത്തു സമ്പാദനം, കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് അണ്ണാമലൈ പുറത്തുവിട്ട ‘ഡിഎംകെ ഫയൽസ്’ വിഡിയോയ്ക്കെതിരെയാണു കേസ്.

Top