‘സാമാന്യബോധം നഷ്ടപ്പെട്ട നിലയിലാണ് ഗവർണർ’; വിമർശിച്ച് സിപിഎം മുഖപത്രം

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും താക്കീതു നൽകിയ ഗവർണറുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് സിപിഎം മുഖപത്രം. സാമാന്യബോധം നഷ്ടപ്പെട്ട നിലയിലാണ് രാജ് ഭവനിൽ നിന്നുള്ള പ്രതികരണം. ഭരണ കാര്യങ്ങളിൽ ഗവർണർ ഇടങ്കോലിടുകയാണ്. ഭരണഘടന വിരുദ്ധമായ ഒരു നടപടിയും നിലനിൽക്കില്ല. ഗവർണറുടെ അമിതാധികാര പ്രയോഗങ്ങൾക്ക് ഭരണഘടനാ വകുപ്പുകളുടെയോ ചട്ടങ്ങളുടെയോ കീഴ്‍വഴക്കങ്ങളുടെയോ പിൻബലമില്ലെന്ന് എല്ലാവരും വ്യക്തമാക്കിയിട്ടുണ്ടെന്നും ദേശാഭിമാനി മുഖപ്രസംഗത്തിൽ പറയുന്നു.

‘ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികളും പ്രതികരണങ്ങളും നിയമപരവും യുക്തിസഹവും അല്ലാതായിട്ട് കുറച്ചുകാലമായി. സർക്കാരിനോട് നിരന്തരം ഏറ്റുമുട്ടുക, ഭരണപരമായ കാര്യങ്ങളിൽ ഇടങ്കോലിടുക – ഇതായിരുന്നു അദ്ദേഹത്തിന്റെ ചെയ്തി. ഇപ്പോൾ സാമാന്യബോധം പോലും നഷ്ടപ്പെട്ട നിലയിലായി രാജ്ഭവനിൽനിന്നുള്ള പ്രതികരണം. ഗവർണർക്കുവേണ്ടി ഔദ്യോഗിക അക്കൗണ്ടിൽ രാജ്ഭവൻ പിആർഒ ചെയ്ത ട്വീറ്റ് കടുത്ത ഭീഷണിയാണ്’.

‘മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ, ഗവർണർ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകളുണ്ടായാൽ മന്ത്രിസ്ഥാനം റദ്ദാക്കും’. അത്യസാധാരണവും രേഖാമൂലമുള്ളതുമായ ഈ പരസ്യപ്രതികരണത്തെ അപലപിച്ച് നിയമജ്ഞരും രാഷ്ട്രീയ നിരീക്ഷകരും രംഗത്തുവന്നു. ഗവർണറുടെ അമിതാധികാര പ്രയോഗങ്ങൾക്ക് ഭരണഘടനാ വകുപ്പുകളുടെയോ ചട്ടങ്ങളുടെയോ കീഴ്വഴക്കങ്ങളുടെയോ പിൻബലമില്ലെന്ന് എല്ലാവരും വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ ഭരണഘടനാതലവനായ ഗവർണർ പ്രവർത്തിക്കേണ്ടത് മുഖ്യമന്ത്രി തലവനായ മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ചാണെന്ന് ആർട്ടിക്കിൾ 163(1) അർഥശങ്കയ്ക്ക് ഇടയില്ലാത്തവിധം വ്യക്തമാക്കുന്നുണ്ട്. സ്വമേധയാ പ്രവർത്തിക്കാൻ ഗവർണർക്ക് അവസരമുണ്ടാകുന്നത് മന്ത്രിസഭ നിലവിലില്ലാതെ, ഭരണഘടനാദത്തമായ ചുമതലയുള്ളപ്പോൾ മാത്രമാണ്. ആർട്ടിക്കിൾ 164 (1) പ്രകാരം, മുഖ്യമന്ത്രിയുടെ ഉപദേശമാണ് മന്ത്രിമാരുടെ നിയമനത്തിന് ആധാരം. അതുകൊണ്ടുതന്നെ മന്ത്രിമാരുടെ കാര്യത്തിലുള്ള ഗവർണറുടെ പ്രീതി എന്നത് മുഖ്യമന്ത്രിയുടെ ഉപദേശം മാത്രമാണ്. മന്ത്രിമാരിൽ മുഖ്യമന്ത്രി അവിശ്വാസം അറിയിച്ചാൽ മാത്രമേ ഗവർണർക്ക് അപ്രീതി ഉണ്ടാകേണ്ടതുള്ളൂ. മന്ത്രിസഭയ്ക്ക് നിയമസഭയോടാണ് കൂട്ടുത്തരവാദിത്വമെന്ന് 164(2) വ്യക്തമാക്കുന്നു. സുപ്രീംകോടതി നിരവധി കേസുകളിൽ ഇതു ശരിവച്ചിട്ടുണ്ട്’- മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു.

ഔപചാരിക ഭരണഘടനാപദവി എന്നതിപ്പുറം സർക്കാരിന്റെ നയപരമോ ഭരണപരമോ ആയ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടാൻ ഗവർണർക്ക് ഒരു അധികാരവുമില്ലെന്ന് ഉന്നത നീതിപീഠം പലവട്ടം വ്യക്തമാക്കിയതാണ്. കേരള ഗവർണറുടെ തെറ്റായ നടപടികൾ തിരുത്തിക്കാൻ രാഷ്ട്രപതിയുടെ അടിയന്തര ഇടപെടൽ അനിവാര്യമാണെന്ന സിപിഐ എം പൊളിറ്റ് ബ്യൂറോ ആവശ്യം പ്രസക്തമാണ്. ഭരണഘടനാവിരുദ്ധമായ ഒരു നടപടിയും നിലനിൽക്കാൻ പോകുന്നില്ല. എന്നാൽ, ഗവർണർ തുടരെ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ അവഗണിക്കാവുന്നതല്ല. ഭരണഘടനയെ ചവിട്ടിമെതിച്ച് കേന്ദ്ര ഭരണകക്ഷിയുടെ ചട്ടുകമായി ഗവർണറെ തുടർന്നും ഉപയോഗിക്കാനാണ് നീക്കമെങ്കിൽ കേരളം വഴങ്ങുമെന്ന് പ്രതീക്ഷിക്കരുതെന്നും സിപിഎം മുഖപ്രസംഗത്തിൽ പറയുന്നു.

Top