അന്‍വര്‍ എംഎല്‍എയുടെ തടയണ നിര്‍മ്മാണം ; നടപടിയെടുക്കാതെ സര്‍ക്കാര്‍

മലപ്പുറം: പി.വി. അന്‍വര്‍ എംഎല്‍എ മലപ്പുറം ചീങ്കണ്ണിപ്പാലിയില്‍ നിര്‍മ്മിച്ച അനധികൃത തടയണ പൊളിക്കുന്നതില്‍ നടപടിയെടുക്കാതെ സര്‍ക്കാര്‍.

തടയണ പൊളിക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തിന് സാങ്കേതിക വിദഗ്ധരെ ചുമതലപ്പെടുത്തിയെങ്കിലും രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് തീരുമാനത്തില്‍ നിന്ന് പിന്നോട്ടു പോവുകയാണ് .

നേരത്തെ, ജില്ലാ ഭരണകൂടം ഇടപെട്ട് സ്റ്റോപ്പ് മെമ്മോ നല്‍കുകയും താല്‍കാലികമായി നിര്‍മ്മാണം നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.

മാത്രമല്ല, തടയണ പൊളിച്ചുമാറ്റാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശവും നല്‍കിയിരുന്നു.

ഇതിനായി പെരിന്തല്‍മണ്ണ ആര്‍.ഡി.ഒയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

ജലസേചന വകുപ്പിലെ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കായിരുന്നു പരിശോധനാ ചുമതല. പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു.

തടയണക്കു താഴെ താമസിക്കുന്ന ആദിവാസികള്‍ക്ക് ലഭിക്കേണ്ട ശുദ്ധജലമാണ് തടയണ കെട്ടിവച്ച് തടഞ്ഞിരിക്കുന്നതെന്നും അനധികൃതമായി നിര്‍മ്മിച്ച തടയണ പൊളിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ തടയണ പൊളിച്ചുമാറ്റുന്ന നടപടികളൊന്നും തന്നെ നടപ്പായില്ല.

ഇതിനിടയില്‍ പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ മാറി പുതിയ ആള്‍ ചുമതലയേറ്റു. ഇതിനു ശേഷമാണ് ജില്ലാ ഭരണകൂടം ഇടപെട്ട് തടയണപൊളിക്കുന്നതുമായി ബന്ധപ്പെട്ട നടപടി വീണ്ടും ആരംഭിച്ചത്.

ഇതിനെ തുടര്‍ന്ന് എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കുകയും തടയണ പൊളിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതി അനുമതി ലഭിക്കുകയും ചെയ്തു.

എന്നിട്ടും തടയണ പൊളിക്കുന്നതിനുള്ള തീരുമാനം ജില്ലാ ഭരണകൂടം നീട്ടികൊണ്ടുപോവുകയാണ്.

Top