വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് കടന്നപ്പള്ളി രാമചന്ദ്രന്‍

kadannappally ramachandran

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. പദ്ധതി പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിട്ടാല്‍ അദാനി ഗ്രൂപ്പില്‍നിന്നു പിഴ ഈടാക്കും. പദ്ധതിയുടെ കരാര്‍ കാലാവധി നീട്ടാനുള്ള അദാനി ഗ്രൂപ്പിന്റെ ന്യായവാദങ്ങള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.

വിഴിഞ്ഞം പദ്ധതിയുടെ കാലാവധി നീട്ടി നല്‍കണം എന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നല്‍കിയ കത്ത് സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു മന്ത്രി.

വിഴിഞ്ഞം തുറമുഖ പദ്ധതി വൈകുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഓഖി ദുരന്തം തടസമായതായാണ് അദാനി ഗ്രൂപ്പ് നല്‍കുന്ന വിശദീകരണം. ഇക്കാര്യം അദാനി ഗ്രൂപ്പ് വിഴിഞ്ഞം സീപോര്‍ട്ട് ലിമിറ്റഡിനെ അറിയിച്ചു. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഡ്രഡ്ജര്‍ തകര്‍ന്നതാണ് പദ്ധതി വൈകാന്‍ കാരണമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.

Top