ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ച സംഭവം ; കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടി

rajnath-singh

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ കര്‍ണാടക സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങാണ് സംസ്ഥാനത്തിന്റെ റിപ്പോര്‍ട്ട് തേടാനുള്ള നിര്‍ദ്ദേശം മന്ത്രാലയത്തിന് നല്‍കിയത്.

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

കഴിഞ്ഞ ദിവസമാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷ് അജ്ഞാതരുടെ വെടിയേറ്റ് മരിക്കുന്നത്.

ബംഗളുരു രാജേശ്വരിനഗറിലെ വീട്ടില്‍ വെച്ചാണ് വെടിയേറ്റത്. കഴുത്തിലും നെഞ്ചിലുമായി അക്രമികള്‍ മൂന്ന് തവണ വെടിവെച്ചതായാണ് വിവരം.

മാധ്യമപ്രവര്‍ത്തകന്‍ പി ലങ്കേഷിന്റെ മകളാണ് ഗൗരി. ഹിന്ദുത്വ മതവാദത്തിന്റെ വിമര്‍ശകയാണ് ഗൗരി. 2008ല്‍ ലങ്കേഷ് പ്രസിദ്ധികരിച്ച വാര്‍ത്തയെ തുടര്‍ന്ന് അപകീര്‍ത്തി കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നു.

കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംപി പ്രഹ്ലാദ് ജോഷിയും മറ്റൊരു ബിജെപി നേതാവും നല്‍കിയ പരാതിയിലായിരുന്നു ശിക്ഷ. നിലവില്‍ ലങ്കേഷ് പത്രിക മാഗസിന്‍ എഡിറ്ററാണ്.

കര്‍ണാടകയിലെ പ്രമുഖ എഴുത്തുകാരന്‍ എംഎം കല്‍ബുര്‍ഗി വെടിയേറ്റ് മരിച്ച് രണ്ട് വര്‍ഷം തികയുമ്പോഴാണ് സമാനമായ സംഭവം അരങ്ങേറിയിരിക്കുന്നത്.

Top