കോവിഡ് ഡേറ്റ നേരിട്ട് സ്പ്രിംഗ്ലര്‍ സൈറ്റില്‍ അപ്ലോഡ് ചെയ്യണ്ടെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലുള്ളവരുടേയും കോവിഡ് രോഗികളുടെയും വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ലര്‍ വെബ്സൈറ്റിലേയ്ക്ക് നേരിട്ട് അപ്ലോഡ് ചെയ്യേണ്ടെന്ന് സര്‍ക്കാരിന്റെ നിര്‍ദേശം. ഇനി വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്സൈറ്റിലേക്ക് മാത്രം അപ്ലോഡ് ചെയ്താല്‍ മതിയെന്ന് തദ്ദേശ വകുപ്പ് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. അമേരിക്കന്‍ കമ്പനിക്ക് വിവരങ്ങള്‍ കൈമാറുന്നതിനെ കുറിച്ച് വിവാദം കനത്തതോടെയാണ് സര്‍ക്കാരിന്റെ ഈ പിന്‍മാറ്റം.

സ്പ്രിംഗ്ലറിലേക്ക് നേരിട്ട് വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്ന വെബ്സൈറ്റിന് പകരം housevisit.kerala.gov.in എന്ന സര്‍ക്കാര്‍ സൈറ്റിലേക്ക് ഇനിമുതല്‍ വിവരങ്ങള്‍ നല്‍കിയാല്‍ മതിയെന്നാണ് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് തദ്ദേശവകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം.

സ്പ്രിംഗ്ലര്‍ കമ്പനിക്ക് വിവരങ്ങള്‍ കൈമാറുന്നതിനെതിരെ ഗുരുതര ആരോപണവുമായി കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നിരുന്നു. കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗല്‍റിന് നല്‍കുന്നത് സംബന്ധിച്ച ഇടപാടിലെ സുപ്രധാന വിവരങ്ങള്‍ മുഖ്യമന്ത്രി മറച്ചുവെക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നത്.

Top