ബസ്സുകളുടെ കാലപരിധി ഉയര്‍ത്തിയത് ചട്ടപ്രകാരമെന്ന് സര്‍ക്കാര്‍ കോടതിയില്‍

സംസ്ഥാനത്ത് നിരത്തുകളിലോടുന്ന ബസ്സുകളുടെ കാലപരിധി 15 വര്‍ഷത്തില്‍ നിന്ന് 20 വര്‍ഷമാക്കി വര്‍ദ്ധിപ്പിച്ചത് ചട്ടപ്രകാരമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ബസിന്റെ ഉപയോഗ കാലപരിധി കൂട്ടുന്നതുമായി ബന്ധപ്പെട്ട് ആലുവാ സ്വദേശി പി.ഡി. മാത്യു നല്‍കിയ ഹര്‍ജിയിന്മേലാണ് സര്‍ക്കാറിന്റെ ഈ തീരുമാനം.

ഡീസലിലോടുന്ന ബസുകളുടെ കാലപരിധി കൂട്ടുന്നത് സുരക്ഷിതത്വത്തെ ബാധിക്കുമെന്നാണ് ഹര്‍ജിയിലെ വാദം. എന്നാല്‍, സംസ്ഥാന മോട്ടോര്‍ വാഹന ചട്ടം 260 എ പ്രകാരം വാഹനങ്ങളുടെ കാലപരിധി നിര്‍ണ്ണയിക്കുന്നതില്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും ഗതാഗതവകുപ്പ് അണ്ടര്‍ സെക്രട്ടറി കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

സര്‍ക്കാര്‍ കോടതിയെ അറിയിച്ചത് പ്രകാരം, കേന്ദ്ര നയമനുസരിച്ച് ബസ്സ് ഉള്‍പ്പടെയുള്ള വാഹനങ്ങളില്‍ ഡീസലിനു പകരം വൈദ്യുതി, സി.എന്‍.ജി., എല്‍.എന്‍.ജി. തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായും, നിലവിലുള്ള ഡീസല്‍ സംവിധാനത്തെ ബദല്‍ സംവിധാന മാര്‍ഗ്ഗമായ ഇലക്ട്രിക് സംവിധാനങ്ങളിലേക്കും മാറ്റുന്നതിനുമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

മാത്രമല്ല, കാലപരിധി കൂട്ടി ബദല്‍ സംവിധാനം സ്വീകരിക്കുന്നതിലൂടെ പൊതു ഗതാഗത സംവിധാനത്തെ ശാക്തീകരിക്കുന്നതിനും ഇത് ഗുണകരമാവും. നിലവിലിതുവരെയുള്ള അപകട റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുമ്പോഴും കാലപരിധി അപകടങ്ങള്‍ക്ക് കാരണമാകുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

Top