സിഖ് വിഘടനവാദിയെ വധിക്കാന്‍ ഗൂഢാലോചന; അന്വേഷണത്തിന് ഇന്ത്യ ഉന്നതതല സമിതി രൂപവത്കരിച്ചു

ന്യൂഡല്‍ഹി: അമേരിക്കയില്‍ സിഖ് വിഘടനവാദി ഗുർപത്വന്ത് സിംഗ് പന്നുവിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉന്നതതല സമിതിയെ നിയോഗിച്ചു. പന്നുവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന തകര്‍ത്തുവെന്നും ഇക്കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാറിന് പങ്കുള്ളതായ ആശങ്കയെക്കുറിച്ച് അമേരിക്ക മുന്നറിയിപ്പ് നല്‍കിയതായും ഫിനാന്‍ഷ്യല്‍ ടൈംസ് കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അമേരിക്കന്‍, കാനഡ പൗരത്വമുള്ള പന്നു നിരവധി തീവ്രവാദ കുറ്റങ്ങളില്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ തേടുന്ന വിഘടനവാദിയാണ്. സുരക്ഷ സഹകരണ ഉഭയകക്ഷി ചര്‍ച്ചക്കിടെ സംഘടിത കുറ്റവാളികളും തീവ്രവാദികളും തമ്മിലുള്ള കൂട്ടുകെട്ടിനെക്കുറിച്ച് അമേരിക്ക ചില വിവരങ്ങള്‍ കൈമാറിയിരുന്നുവെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു. ദേശസുരക്ഷയുമായി ബന്ധപ്പെട്ട ഈ വിഷയം ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നവംബര്‍ 18ന് ഉന്നതതല അന്വേഷണ സമിതി രൂപവത്കരിച്ചത്. സമിതിയുടെ കണ്ടെത്തലില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഖാലിസ്താന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടാവാന്‍ സാധ്യതയുള്ളതായി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ച് ആഴ്ചകള്‍ക്കുള്ളിലായിരുന്നു ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട്.

Top