മദ്യശാലകള്‍ കൊണ്ട് നാട് നിറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു ; കെസിബിസി

കൊച്ചി: ബാറുകളുടെ ദൂരപരിധി 200 മീറ്ററില്‍ നിന്ന് 50 മീറ്ററാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കെസിബിസി രംഗത്ത്.

മദ്യശാലകളുടെ ദൂരപരിധി കുറയ്ക്കാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്നും, മദ്യശാലകള്‍ കൊണ്ട് നാട് നിറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും കെസിബിസി വിമര്‍ശിച്ചു.

അതേസമയം, ബാറുകളുടെ ദൂരപരിധി കുറച്ച തീരുമാനം ബാറുടമകള്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനമാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ തുറന്നടിച്ചു.

ബാറുകളുടെ ദൂരപരിധി കുറച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഫേസ്ബുക്കിലൂടെയാണ് രൂക്ഷ വിമര്‍ശനവുമായി സുധീരന്‍ രംഗത്തു വന്നിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ കൂറ് മദ്യ മുതലാളിമാരോടാണെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നതാണ് ബാറുകളുടെ ദൂരപരിധി കുറച്ചുകൊണ്ടുള്ള ഉത്തരവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ആരാധനാലയങ്ങളില്‍ നിന്നുള്ള ദൂരം ഇനി 50 മീറ്റര്‍ മാത്രം മതി. നിലവില്‍ 200 മീറ്ററാണ് ദൂരപരിധി. ഫോര്‍സ്റ്റാര്‍ മുതലുള്ള ബാറുകള്‍ക്കാണ് ഈ ഇളവ് അനുവദിക്കുന്നത്.

ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങിയവയ്ക്ക് അടുത്തുള്ള ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാനാണ് 200 മീറ്ററെന്ന ദൂരപരിധി 50 മീറ്ററാക്കി കുറയ്ക്കുന്നത്.

പട്ടികജാതി, പട്ടികവര്‍ഗ കോളനികള്‍, സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍ എന്നിവയ്ക്ക് അടുത്തായി ബാര്‍ സ്ഥാപിക്കുമ്പോള്‍ 200 മീറ്റര്‍ അകലം പാലിക്കണമെന്നായിരുന്നു നിലവില്‍ വ്യവസ്ഥ.

കള്ളുഷാപ്പുകള്‍ക്ക് ഇത് 400 മീറ്ററാണ്. ഗേറ്റില്‍നിന്ന് ഗേറ്റിലേക്കുള്ള അകലമാണ് കണക്കാക്കുന്നത്.

Top