മത്സ്യ വില്‍പ്പനക്കാരായ വനിതകള്‍ക്ക് സൗജന്യബസ് യാത്രയൊരുക്കി സര്‍ക്കാര്‍

KSRTC

തിരുവനന്തപുരം: ഫിഷറീസ് വകുപ്പും ഗതാഗത വകുപ്പും ചേര്‍ന്ന് മത്സ്യ വില്‍പ്പനക്കാരായ വനിതകള്‍ക്ക് തിരുവനന്തപുരത്ത് ‘സമുദ്ര’ എന്നപേരില്‍ സൗജന്യബസ് യാത്രാ സൗകര്യം ഒരുക്കുന്നു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും കെഎസ്ആര്‍ടിസി എംഡിയുമായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ഇതിനായി മൂന്നു ബസ്സുകള്‍ രൂപമാറ്റം വരുത്തി മത്സ്യവില്‍പ്പനക്കാരായ വനിതകള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയും വിധം തിരുവനന്തപുരം ജില്ലയില്‍ യാത്ര സൗകര്യത്തിന് സജ്ജമാക്കി.

ഡീസല്‍, സ്‌പെയര്‍ പാര്‍ട്‌സ്, ജീവനക്കാരുടെ ശമ്പളം എന്നീ ഇനത്തിലായി ഒരു ബസ്സിന് പ്രതിവര്‍ഷം 24 ലക്ഷം എന്ന ക്രമത്തില്‍ മൂന്നു ബസ്സുകള്‍ക്ക് പ്രതിവര്‍ഷം 72 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഈ തുക ഫിഷറീസ് വകുപ്പിന്റെ ബഡ്ജറ്റ് വിഹിതത്തില്‍ നിന്ന് കണ്ടെത്തും. മത്സ്യ വില്പനയില്‍ ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് യാത്ര സൗജന്യമായിരിക്കും.

ഒരു വാഹനത്തില്‍ 24 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യുന്നതിനുള്ള സൗകര്യവും അവരുടെ പാത്രങ്ങള്‍ സൂക്ഷിക്കുന്നതിന് റാക്ക് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതി ആഗസ്റ്റ് ആദ്യവാരത്തില്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.

Top