റോഡപകടങ്ങളിലെ മരണങ്ങള്‍ക്കും പരിക്കുകള്‍ക്കുമുള്ള നഷ്ടപരിഹാരം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

ന്യൂഡല്‍ഹി:റോഡപകടങ്ങളിലെ മരണങ്ങള്‍ക്കും ഗുരുതര പരിക്കുകള്‍ക്കുമുള്ള നഷ്ടപരിഹാരം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. മരണത്തിന് അഞ്ചുലക്ഷം രൂപയാണ് നഷ്ടപരിഹാരം. പരിക്കേറ്റ് സ്ഥിരവൈകല്യം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് കമ്പനി അരലക്ഷംമുതല്‍ അഞ്ചുലക്ഷംവരെ രൂപ നഷ്ടപരിഹാരം നല്‍കണം.

ഏതുതരത്തിലുള്ള സ്ഥിരവൈകല്യമായാലും കുറഞ്ഞത് 50,000 രൂപ നല്‍കണം. നിസ്സാരപരിക്കുകള്‍ക്കു നഷ്ടപരിഹാരം 25,000 രൂപയാണ്. അടുത്ത ജനുവരി ഒന്നുമുതല്‍ ഈ തുകയില്‍ ഓരോ വര്‍ഷവും അഞ്ചുശതമാനം വര്‍ധനയുണ്ടാകും. അതായത് അഞ്ചുലക്ഷം എന്നത് 5,25,000 ആകും. മോട്ടോര്‍വാഹന നിയമത്തിന്റെ രണ്ടാംപട്ടികയില്‍ വരുത്തിയ ഭേദഗതി ഗസറ്റ് വിജ്ഞാപനത്തോടെ പ്രാബല്യത്തിലായി.

നഷ്ടപരിഹാരത്തുകയില്‍ തൃപ്തരാകാത്തവര്‍ക്ക് പഴയതുപോലെ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലില്‍ കേസിനു പോകാന്‍ സാധിക്കും. ഇതുവരെ അപകടമരണങ്ങള്‍ക്ക് അരലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കിയിരുന്നത്. പരിക്കുകള്‍ക്ക് 25,000 രൂപയും. ഈ തുക വളരെക്കുറവായതിനാലാണ് പലരും ട്രിബ്യൂണലില്‍ കേസിനു പോകുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷം ട്രിബ്യൂണലുകള്‍ വിധി പറഞ്ഞ കേസുകളില്‍ നല്‍കിയ നഷ്ടപരിഹാരം ശരാശരി മൂന്നുലക്ഷം മുതല്‍ അഞ്ചുലക്ഷം വരെ രൂപയായിരുന്നു.

Top