വിഴിഞ്ഞം സമരത്തിനിടെയുണ്ടായ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

വിഴിഞ്ഞം സമരത്തിനിടെയുണ്ടായ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് തന്നെ ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഈ നിലപാട് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. സമരം മൂലം പ്രതിദിന നഷ്ടം രണ്ടു കോടിയാണ്. ഇതുവരെയുള്ള ആകെ നഷ്ടം 200 കോടിക്ക് മുകളിലായാണ് വിലയിരുത്തല്‍. നഷ്ടം സമരക്കാരില്‍ നിന്ന് ഈടാക്കണമെന്ന് നിര്‍മാണക്കമ്പനി വിസില്‍ ആവശ്യപ്പെട്ടിരുന്നു.അതേസമയം, വിഴിഞ്ഞത്ത് സമരം തുടരുമെന്ന് ലത്തീന്‍ അതിരൂപത അറിയിച്ചു.

വീട് നഷ്ടപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും ലത്തീന്‍ അതിരൂപത പള്ളികളില്‍ വായിച്ച സര്‍ക്കുലറില്‍ പറയുന്നു. ഇന്നലെ നടന്ന സമരത്തിനിടെ പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തിരുന്നു. ലോറിയുടെ ഗ്ലാസുകള്‍ സമരക്കാര്‍ തല്ലി തകര്‍ത്തിരുന്നു. പദ്ധതി അനുകൂലികളും സ്ഥലത്തെത്തിയതോടെ സംഘര്‍ഷമായി. ഇതിനിടെ ഒരു പൊലീസുകാരനടക്കം അഞ്ചുപേര്‍ക്ക് പരുക്കേറ്റു.

സംഘര്‍ഷത്തിനിടെ ജനകീയ സമരസമിതിയുടെ പന്തല്‍ സമരസമിതിക്കാര്‍ പൊളിച്ചുനീക്കുകയും ചെയ്തു. കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.സംഭവത്തില്‍ ഹൈക്കോടതിക്ക് പ്രത്യേക റിപ്പോര്‍ട്ട് നല്‍കുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ സ്പര്‍ജന്‍കുമാര്‍ അറിയിച്ചു. തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോള്‍ അദാനി പോര്‍ട്ട് അധികൃതരും ലത്തീന്‍ സമരസമിതിയുടെ അക്രമത്തെക്കുറിച്ച് കോടതിയെ അറിയിക്കും.

 

Top