ഗതാഗതനിയമലംഘനങ്ങള്‍ക്ക് പിഴയടയ്ക്കാത്ത വാഹനങ്ങള്‍ക്ക് ഡിസംബര്‍മുതല്‍ പുകപരിശോധന നടത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍

താഗതനിയമലംഘനങ്ങള്‍ക്ക് പിഴയടയ്ക്കാത്ത വാഹനങ്ങള്‍ക്ക് ഡിസംബര്‍മുതല്‍ പുകപരിശോധന നടത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ചേര്‍ന്ന എ.ഐ. ക്യാമറ അവലോകനയോഗത്തിലാണ് തീരുമാനം. ക്യാമറകള്‍ സ്ഥാപിച്ചതിനുശേഷമുള്ള അഞ്ചുമാസങ്ങളില്‍ റോഡ് അപകടമരണനിരക്ക് കുറഞ്ഞതായി യോഗം വിലയിരുത്തി.

ഒക്ടോബറില്‍ എം.പി.മാരുടെയും എം.എല്‍.എ.മാരുടേതുമായി 13 വാഹനങ്ങള്‍ക്ക് പിഴ ചുമത്തി. നിയമം ലംഘിക്കുന്നവര്‍ക്ക് അധികതുക ചുമത്താനും ഇന്‍ഷുറന്‍സ് പുതുക്കുന്നതിനുമുന്‍പ് ഗതാഗതനിയമലംഘനങ്ങളുടെ പിഴയടയ്ക്കണമെന്ന വ്യവസ്ഥ കൊണ്ടുവരാനും ഇന്‍ഷുറന്‍സ് കമ്പനി മേധാവികളുമായി 15-ന് ചര്‍ച്ചനടത്തും.

2023 ജൂണ്‍മുതല്‍ ഒക്ടോബര്‍ 31വരെ 1263 പേരാണ് റോഡ് അപകടങ്ങളില്‍ മരിച്ചത്. 2022-ല്‍ ഇതേ കാലയളവില്‍ 1669 മരണമുണ്ടായി. കഴിഞ്ഞ സെപ്റ്റംബറില്‍ റോഡപകടങ്ങളില്‍ 273 ജീവന്‍ നഷ്ടപ്പെട്ടു. 2022 സെപ്റ്റംബറില്‍ 365 പേര്‍ മരിച്ചു. ജൂണ്‍ അഞ്ചുമുതല്‍ ഒക്ടോബര്‍വരെ 74.32 ലക്ഷം നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 139 കോടിയിലധികം രൂപ പിഴ ചുമത്താവുന്ന നിയമലംഘനങ്ങള്‍ ഇതിലുണ്ട്. 21.5 കോടി പിഴയായി കിട്ടി.

 

Top