സാമ്പത്തിക പ്രതിസന്ധി; വൻ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

narendra

ന്യൂഡൽഹി: രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വളർച്ചാ നിരക്കു ഉയർത്തുവാനും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ തിങ്കളാഴ്ച വൻ പ്രഖ്യാപനങ്ങൾ നടത്തും.

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്‌ പുതിയ പദ്ധതിയുടെ പ്രഖ്യാപനങ്ങൾ നടത്തുന്നത്.

ഏകദേശം 40000 കോടി മുതൽ 50000 കോടി രൂപ വരെ ചെലവഴിക്കുന്ന സാമ്പത്തിക പാക്കേജായിരിക്കും പ്രഖ്യാപിക്കുക.

ഊർജം, ഭവന നിർമാണം, സാമൂഹികക്ഷേമം എന്നിവയിൽ ഊന്നിയ പദ്ധതികളായിരിക്കും ഇവ. ആർ.എസ് എസിന്റെ മാർഗനിർദേശകനായിരുന്ന ദീൻ ദയാൽ ഉപാദ്ധ്യായയുടെ ജന്മവാർഷികത്തോട് അനുബന്ധിച്ചാണ് ഈ പ്രഖ്യാപനങ്ങൾ നടത്തുന്നത്.

തിങ്കളാഴ്ച നടക്കുന്ന ബിജെപിയുടെ ദേശീയ നിർവാഹക സമിതി യോഗത്തിലായിരിക്കും പ്രധാനമന്ത്രി പ്രഖ്യാപനം നടത്തുക.

ഈ യോഗത്തിൽ മാധ്യമങ്ങൾക്കു പ്രവേശനം അനുവദിച്ചിട്ടുണ്ട്. ദൂരദർശൻ ഈ പ്രസംഗം തൽസമയം സംപ്രേഷണം ചെയ്യുന്നുമുണ്ട്. വൈകുന്നേരം അഞ്ചു മണിയോടെയായിരിക്കും മോദിയുടെ മറുപടി പ്രസംഗം.

ലഭ്യമായ എല്ലാ സ്ഥിതിവിവരക്കണക്കുകളും വിരൽ ചൂണ്ടുന്നതു സമ്പദ് വ്യവസ്ഥ അതിവേഗം തകർച്ചയിലേക്ക് പോകുന്നു എന്നാണ്.

വളർച്ചാ നിരക്ക് 5.7 ശതമാനം മാത്രമാണ്. ഇതു കഴിഞ്ഞ മൂന്നു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. ആഭ്യന്തര ഉപഭോക്തൃ നിലവാരം 8.41–ൽ നിന്ന് 6.66 ശതമാനമായി കുറഞ്ഞു. കയറ്റുമതി 20–ൽ നിന്ന് 19 ശതമാനമായി.

സ്വകാര്യ മേഖലയിലെ നിക്ഷേപം 31 ശതമാനത്തിൽ നിന്ന് 29 ശതമാനമായി താഴ്ന്നു. നോട്ടു പിൻവലിക്കൽ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിച്ചു എന്ന് ഇപ്പോൾ സർക്കാരും സമ്മതിക്കുന്നുണ്ട്.

കേന്ദ്ര സർക്കാർ നടപ്പാക്കിയ ജനക്ഷേമ പദ്ധതികളുടെ വിവരണം കൂടി തിങ്കളാഴ്ച പ്രധാനമന്ത്രി വിശദികരിക്കും.

നോട്ട് അസാധുവാക്കലും ജിഎസ്ടിയും സമ്പദ് വ്യവസ്ഥയെ പിന്നോട്ടടിച്ചെന്ന് കേന്ദ്ര സര്‍ക്കാര് പരോക്ഷമായി സമ്മതിക്കുന്നുമുണ്ട്‍.

രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയില്‍ മാറ്റങ്ങള്‍ മൂലമുള്ള ചില പ്രശ്നങ്ങളുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന്‍റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ പറഞ്ഞു.

നോട്ട് അസാധുവാക്കലെന്ന അനാവശ്യ അതിസാഹസികതമൂലം സമ്പദ് വ്യവസ്ഥ കൂപ്പുകുത്തുകയാണെന്ന് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും പറഞ്ഞു.

അതിനിടെ, കേന്ദ്ര സര്‍ക്കാരിന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍റെ കാലാവധി നീട്ടിയിട്ടുണ്ട്.

സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ തീരുമാനം.

രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ച മുരടിച്ചുവെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി തന്നെ സമ്മതിച്ചിരുന്നു.

മൂന്നു വര്‍ഷത്തെ കാലാവധി അടുത്തമാസം 16 ന് അവസാനിക്കാനിരിക്കെയാണ് ഒരു വര്‍ഷം കൂടി അരവിന്ദ് സുബ്രഹ്മണ്യന് നീട്ടി നല്‍കിയിട്ടുള്ളത്.

Top