സര്‍ക്കാര്‍ കോവിഡ് മുക്തരായി ഉടന്‍ മരിച്ചവരുടെ കണക്കെടുക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മുക്തരായി ഉടനെ മരിച്ചവരുടെയും പോസ്റ്റ് കോവിഡ് മരണങ്ങളുടെയും പ്രത്യേകം കണക്കെടുക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. വിട്ടുപോയ മരണങ്ങള്‍ ഉള്‍പ്പെടുത്താനുള്ള ശ്രമത്തിന് പുറമെ, കോവിഡ് മുക്തരായ ശേഷം ഉടനെയുണ്ടായ മരണങ്ങളുടെയും പോസ്റ്റ് കോവിഡ് മരണങ്ങളുടെയും കണക്കുകള്‍ കൂടി പ്രത്യേകമെടുക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.

നെഗറ്റീവായതിന് തൊട്ടുപിന്നാലെയുണ്ടായ മരണങ്ങളെ ഇമ്മീഡിയറ്റ് കോവിഡ് കേസായി കണക്കാക്കി കോവിഡ് മരണപ്പട്ടികയിലേക്കുള്‍പ്പെടുത്താനാകുമോ എന്നാണ് പരിശോധിക്കുന്നത്. നെഗറ്റീവായി 3 മാസത്തിന് ശേഷമുണ്ടായവയെ പോസ്റ്റ് കോവിഡായും കണക്കാക്കാനാണ് നിലവിലെ തീരുമാനം.

നെഗറ്റീവായി എത്രദിവസം വരെയുള്ളത് കോവിഡ് കണക്കില്‍ ഉള്‍പ്പെടുത്താമെന്നതിലടക്കം വിശദമായ മാര്‍ഗരേഖ തയാറാക്കണം. കോവിഡ് മുക്തിക്ക് ശേഷമുള്ള മരണങ്ങളെ നോണ്‍ കോവിഡ് മരണമായാണ് കണക്കാക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്ന നിയമസഭാ രേഖ ഇന്നലെ പുറത്തുവിട്ടിരുന്നു. പുതിയ സാഹചര്യത്തില്‍ 3 മാസത്തിനകം ഈ മരണങ്ങളുടെ കണക്കെടുക്കാനാണ് പോസ്റ്റ് കോവിഡ് പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന നോഡല്‍ ഓഫീസര്‍മാര്‍ക്കുള്ള നിര്‍ദേശം.

 

Top