പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണസമിതി രൂപീകരണത്തിന് നാലാഴ്ച കൂടി നല്‍കി

padmanabha

ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഭരണസമിതിയും ഉപദേശക സമിതിയും രൂപീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കാന്‍ നാലാഴ്ചത്തെ സമയം കൂടി അനുവദിച്ച് സുപ്രീം കോടതി. തിരുവനന്തപുരം ജില്ലാ ജഡ്ജി അല്ലെങ്കില്‍ ഹിന്ദുവായ മുതിര്‍ന്ന അഡീഷണല്‍ ജഡ്ജി ആകും ഭരണസമിതിയുടെ അധ്യക്ഷന്‍ എന്ന് കോടതി വ്യക്തമാക്കി.

ഉപദേശക സമിതിയില്‍ കേരള ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയെ നിയമിക്കാന്‍ അനുവദിക്കണമെന്ന ക്ഷേത്രം ട്രസ്റ്റി രാമവര്‍മ്മയുടെ ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണ ചുമതല പുതുതായി രൂപീകരിക്കുന്ന ഭരണസമിതിക്ക് കൈമാറാമെന്ന് വ്യക്തമാക്കി ക്ഷേത്രം ട്രസ്റ്റി മൂലം തിരുന്നാള്‍ രാമ വര്‍മ്മ ഫയല്‍ ചെയ്ത സത്യവാങ്മൂലവും കോടതി അംഗീകരിച്ചു.

ഇതിനിടെ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ എക്സിക്യുട്ടീവ് ഓഫീസര്‍ പദവിയില്‍ നിന്ന് ഒഴിയാന്‍ അനുമതി തേടിയും, എക്സിക്യുട്ടീവ് ഓഫീസര്‍ എന്ന നിലയില്‍ തനിക്ക് എതിരായ എല്ലാ കേസുകളും റദ്ദാക്കാന്‍ ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് വി രതീശന്‍ നല്‍കിയ അപേക്ഷ സുപ്രീം കോടതിയില്‍ നിന്ന് പിന്‍വലിച്ചു.

പുതിയ ഭരണസമിതി നിലവില്‍ വരുമ്പോള്‍ പുതിയ എക്സിക്യുട്ടീവ് ഓഫീസറെ സമിതി നിശ്ചയിക്കാമെന്നും കോടതി പറഞ്ഞു. സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് ക്ഷേത്രം ട്രസ്റ്റി മൂലം തിരുന്നാള്‍ രാമ വര്‍മ്മ ഭരണ ചുമതല ഭരണസമിതിക്ക് കൈമാറി കൊണ്ട് സത്യവാങ്മൂലം ഫയല്‍ ചെയ്തത.് ട്രസ്റ്റിയുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെ പ്രതിമാസം 15 ലക്ഷത്തില്‍ കൂടുതല്‍ ചെലവാക്കാന്‍ ഭരണസമിതിക്ക് അധികാരം ഉണ്ടായിരിക്കില്ലെന്ന് സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ഒരു കോടിയില്‍ അധികം ചെലവ് വരുന്ന കാര്യങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി നിര്‍ബന്ധമായിരിക്കും.

Top