ചൈല്‍ഡ് ലൈനിന് പെണ്‍കുട്ടിയുടെ മൊഴി; പഞ്ചായത്ത് അംഗത്തിന് എതിരെ ലൈംഗിക പീഡനത്തിന് കേസ് എടുത്തു

കൊല്ലം: കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി പഞ്ചായത്ത് അംഗത്തിന് എതിരെ കേസ് എടുത്തു. തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ചൈല്‍ഡ് ലൈനിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ് കേസ് എടുത്തിരിക്കുന്നത്. കൊല്ലം കൊറ്റങ്കര 21 ആം വാര്‍ഡ് അംഗം ടി എസ് മണിവര്‍ണ്ണനെതിരെയാണ് കേസെടുത്തത്.

പല സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നാണ് പെണ്‍കുട്ടിയുടെ മൊഴി നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ സ്‌കൂളിലെ നാടക അധ്യാപകനായി എത്തിയതായിരുന്നു മണിവര്‍ണ്ണന്‍. കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ നിലവില്‍ റിമാന്‍ഡില്‍ ആണ് മണിവര്‍ണ്ണന്‍.

കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ പിതാവ് സംഭവത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തിരുന്നു. മണിവര്‍ണനെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

Top