നെടുമങ്ങാട് യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ച പെണ്‍കുട്ടി മരിച്ചു

നെടുമങ്ങാട്: പ്രണയം നിരസിച്ചതിലുണ്ടായ ദേഷ്യത്തില്‍ സുഹൃത്ത് കുത്തിപ്പരിക്കേല്‍പ്പിച്ച യുവതി മരിച്ചു. നെടുമങ്ങാട് സ്വദേശി സൂര്യഗായത്രി(20) ആണ് മരിച്ചത്. പുലര്‍ച്ചെ നാലരയോടെയായിരുന്നു മരണം. ഗുരുതര പരിക്കേറ്റ സൂര്യഗായത്രി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

വീട്ടില്‍ അതിക്രമിച്ചു കയറിയ സുഹൃത്ത് ആര്യനാട് സ്വദേശി അരുണ്‍(28) ആണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആണ് സംഭവം. കൊല്ലം സ്വദേശിയായ ഭര്‍ത്താവുമായി പിണങ്ങി 6 മാസമായി മാതാപിതാക്കള്‍ക്കൊപ്പമാണ് യുവതിയുടെ താമസം. ഉച്ചയ്ക്ക് അടുക്കളയിലൂടെയാണ് അരുണ്‍ വീട്ടില്‍ അതിക്രമിച്ചു കയറിയത്.

ഇരുവരുടെയും സംസാരം വാക്കേറ്റത്തില്‍ എത്തിയതോടെ ഇയാള്‍ കയ്യില്‍ കരുതിയ കത്തി കൊണ്ട് യുവതിയെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. യുവതിയുടെ ശരീരത്തില്‍ 15 കുത്തുകള്‍ ഏറ്റിരുന്നു. മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റ മാതാവ് വത്സല (52)യും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രണയ നൈരാശ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ആക്രമണത്തിന് ശേഷം സമീപത്തെ വീടിന് മുകളില്‍ കയറി ഒളിച്ച അരുണിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Top