പ്രണയം നിരസിച്ച പെണ്‍കുട്ടിയെ കാമുകനും പിതാവും ചേര്‍ന്ന് തീകൊളുത്തി കൊലപ്പെടുത്തി

explosion

ഉദയ്പുര്‍: പ്രണയം നിരസിച്ച പെണ്‍കുട്ടിയെ വഞ്ചിച്ചെന്നാരോപിച്ച് പതിനെട്ടുകാരിയെ കാമുകനും പിതാവും ചേര്‍ന്ന് തീകൊളുത്തി കൊലപ്പെടുത്തി. രാജസ്ഥാനിലെ ഉദയ്പൂരിലാണു സംഭവം.

ഐസര്‍വാള്‍ ഗ്രാമവാസിയായ പെണ്‍കുട്ടി ശനിയാഴ്ച വൈകിട്ടു വീട്ടിലേക്കു മടങ്ങും വഴി കാമുകനായ രവി പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി മുഖത്തടിച്ചു. ഇയാളുടെ പിതാവ് ചന്തുവും പെണ്‍കുട്ടിയെ മര്‍ദിച്ചു.

തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയുടെമേല്‍ മണ്ണെണ്ണ ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഞായറാഴ്ച മരിച്ചു.

രവിയാണ് തന്റെ മേല്‍ മണ്ണെണ്ണ ഒഴിച്ചതെന്നും തീ കൊളുത്തിയത് ആരെന്നു വ്യക്തമല്ലെന്നും പെണ്‍കുട്ടി പോലീസിനു നല്‍കിയ മരണമൊഴിയില്‍ പറയുന്നു. രവിയെയും പിതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

അതേസമയം, രവി ദീര്‍ഘകാലമായി പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിരുന്നതായും പിന്തുടര്‍ന്നിരുന്നതായും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. രവിയോട് സംസാരിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയെ ഇയാള്‍ അടിച്ചിട്ടുണ്ടെന്നും ബന്ധുക്കള്‍ പോലീസിനു മൊഴി നല്‍കി.

Top