പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടുന്ന ട്രെയിനില്‍ നിന്നു ചാടിയ പെണ്‍കുട്ടിക്കു ഗുരുതര പരിക്ക്

rape

മുംബൈ: പീഡന ശ്രമത്തില്‍ നിന്നു രക്ഷപ്പെടാന്‍ ഓടുന്ന ട്രെയിനിന്റെ വനിതാ കമ്പാര്‍ട്ട്മെന്റില്‍ നിന്നു ചാടിയ പെണ്‍കുട്ടിക്കു ഗുരുതര പരിക്ക്.

ഞായറാഴ്ച മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസില്‍നിന്നു കല്യാണിലേക്കു പോകുന്ന ട്രെയിനില്‍ യാത്ര ചെയ്ത പതിനാലുകാരിക്കാണ് ക്രൂരത നേരിടേണ്ടിവന്നത്.

ട്രെയിനില്‍ കയറുമ്പോള്‍ ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ പെണ്‍കുട്ടി മാത്രമാണുണ്ടായിരുന്നത്. ട്രെയിന്‍ പുറപ്പെട്ടപ്പോള്‍ ഒരു യുവാവ് ബോഗിയില്‍ കയറി. ഇയാളോട് ഇറങ്ങിപ്പോകാന്‍ പെണ്‍കുട്ടി ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ ഇറങ്ങിയില്ല. ഇതേതുടര്‍ന്ന് പെണ്‍കുട്ടി അപായ ചങ്ങല വലിച്ചു. പക്ഷേ ഇത് പ്രവര്‍ത്തിക്കുന്നതായിരുന്നില്ല. ഇതോടെ യുവാവ് തന്റെ അടുത്തേക്കു നടന്നുവന്നു. തുടര്‍ന്ന് ഓടുന്ന ട്രെയിനില്‍ നിന്നു ചാടുകയായിരുന്നെന്നു പെണ്‍കുട്ടി പോലീസിനു മൊഴി നല്‍കി.

സമീപമുണ്ടായിരുന്ന തൊഴിലാളികളാണ് ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിയുടെ കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലയില്‍ 20 തുന്നലുകളാണുള്ളത്.

പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനായി തെരച്ചില്‍ തുടരുകയാണെന്നും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

Top