കാറിലിരുന്ന ബാലികയെ കളിത്തോക്കുചൂണ്ടി ഭയപ്പെടുത്തി; യുവാവ് അറസ്റ്റില്‍

കിഴക്കമ്പലം: കാറിലിരിക്കുകയായിരുന്ന ബാലികയെ കളിത്തോക്കുചൂണ്ടി ഭയപ്പെടുത്തിയ കേസില്‍ കിഴക്കമ്പലം പാണാപ്പറമ്പത്തുവീട്ടില്‍ ആല്‍ബിന്‍ തോമസി(33)നെ തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.

ബാലിക മുഴുവന്‍ സംഭവവും മജിസ്‌ടേറ്റിന് മൊഴി നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് കിഴക്കമ്പലം താമരച്ചാല്‍ ബൈപ്പാസിലെ വയലോരം ഭാഗത്ത് പിതാവിനോടൊപ്പം എത്തിയതാണ് ബാലിക. കാറിലിരുത്തിയശേഷം കടയിലേക്കുപോയ നേരത്താണ് ബൈക്കിലെത്തിയ യുവാവ് ബാലികയെ ഭയപ്പെടുത്തിയത്. തുടര്‍ന്ന് കൈക്ക് പിടിക്കുകയും ചെയ്തു. സംഭവത്തിനുശേഷം ഇയാള്‍ കടന്നുകളഞ്ഞു. ഇയാള്‍ മാസ്‌ക്കും ഹെല്‍മെറ്റും ധരിച്ചിരുന്നു.

പിതാവ് കടയില്‍നിന്നെത്തിയപ്പോഴാണ് കുട്ടി സംഭവം പിതാവിനെ അറിയിച്ചത്. സംഭവം അറിഞ്ഞെത്തിയ പോലീസ് പ്രത്യേക സംഘങ്ങളായി തിരിഞ്ഞുനടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടി കൂടുന്നത്. ഇന്‍സ്പെക്ടര്‍ ആര്‍. മനോജ് കുമാര്‍, എസ്.ഐ. പി.എം. റാസിഖ്, എ.എസ്.ഐ. സി.എ. ഇബ്രാഹിംകുട്ടി, സീനിയര്‍ സി.പി.ഒ.മാരായ വി.എസ്. ആനന്ദ്, സി.എം. കരീം, എ.ആര്‍. ജയന്‍ സി.പി.ഒ.മാരായ വിപിന്‍ എല്‍ദോസ്, അരുണ്‍ കെ. കരുണ്‍, എം.എസ്. നൗഫല്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

Top