കടമ്മനിട്ടയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു

കോയമ്പത്തൂര്‍: പത്തനംതിട്ട കടമ്മനിട്ടയില്‍ യുവാവ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു.

കോയമ്പത്തൂരിലെ ആശുപത്രിയില്‍ വച്ച് ഇന്നു രാവിലെയോടെയാണു മരണം സംഭവിച്ചത്. 80 ശതമാനത്തിലേറെ പൊള്ളലേറ്റ പെണ്‍കുട്ടിയെ കഴിഞ്ഞദിവസമാണു വിദഗ്ധ ചികിത്സയ്ക്കായി എയര്‍ ആംബുലന്‍സില്‍ കോയമ്പത്തൂരിലേക്കു കൊണ്ടുപോയത്.

രാത്രിയില്‍ കൂടെ ഇറങ്ങി വരണമെന്ന ആവശ്യം നിരസിച്ചതിനാണു കടമ്മനിട്ട സ്വദേശി സജില്‍(20) എന്ന യുവാവ് പ്രണയിനിയായ പതിനേഴുകാരിയെ തീ കൊളുത്തിയത്.

പിന്നീട് പിടിയിലായ സജില്‍ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ഇയാള്‍ക്കും 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.

വീടിനു സമീപം എത്തിയ യുവാവ് പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് തന്നോടൊപ്പം ഇറങ്ങി വരാന്‍ ആവശ്യപ്പെട്ടു. ഇതു നിരസിച്ചതോടെ തിരികെ പോയ യുവാവ് പിന്നീട് കന്നാസില്‍ പെട്രോളുമായി വന്നു പെണ്‍കുട്ടിയുടെ വീട്ടില്‍ കയറി തലയില്‍ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു.

കൃത്യത്തിനു ശേഷം ഇയാള്‍ ഓടിരക്ഷപ്പെട്ടു. പെണ്‍കുട്ടിയെ നാട്ടുകാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പൊള്ളല്‍ ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു.

ഒരു ദിവസത്തിന് ശേഷമാണ് പൊള്ളലേറ്റ സജിന്‍ വീടിന് സമീപത്ത് നിന്ന് അറസ്റ്റിലാകുന്നത്.

Top