ബാറിലിരുന്ന് പുകവലിക്കരുതെന്ന് പറഞ്ഞ ജീവനക്കാരനെ സംഘം ചേര്‍ന്ന് കല്ലെറിഞ്ഞ് കൊലപ്പെടുത്തി

കോട്ടയം: ബാറിലിരുന്ന് പുകവലിക്കരുതെന്ന് പറഞ്ഞ ജീവനക്കാരനെ സംഘം ചേര്‍ന്ന് കല്ലെറിഞ്ഞ് കൊലപ്പെടുത്തി. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. സംഭവത്തില്‍ കോട്ടയം സ്വദേശികളായ നാല് പേരെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി പുറമറ്റം മടത്തുംഭാഗം പൊട്ടന്‍മല ലക്ഷംവീട്ടില്‍ എം. സുരേഷ് (50)ആണ് കൊല്ലപ്പെട്ടത്. പ്രതികളായ വേളൂര്‍ പുളിനാക്കല്‍ നടുത്തരവീട്ടില്‍ ശ്യാംരാജ് (28), വേളൂര്‍ പുളിക്കമറ്റം വാഴേപ്പറമ്പില്‍ ആദര്‍ശ് (24), വേളൂര്‍ പതിനാറില്‍ചിറ കാരക്കാട്ടില്‍ വീട്ടില്‍ ഏബല്‍ ജോണ്‍ (21), തിരുവാര്‍പ്പ് കാഞ്ഞിരം ഷാപ്പുംപടി പള്ളത്തുശ്ശേരില്‍ വീട്ടില്‍ ജെബിന്‍ ജോസഫ് (27) എന്നിവരെ കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.

ആക്രമണത്തില്‍ തലയ്ക്ക് പിറകില്‍ സാരമായി പരിക്കേറ്റ സുരേഷ് വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. കോട്ടയം ടിബി റോഡ് ഭാഗത്തുള്ള ജോയ്‌സ് ബാറിലിരുന്ന് പ്രതികളായ സുരേഷ്, ശ്യാം രാജ്, ആദര്‍ശ് എന്നിവര്‍ മദ്യപിക്കുന്നതിനിടെ പുകവലിച്ചു. ഇത് സുരേഷും മറ്റുജീവനക്കാരും വിലക്കി. ഇത് ഇരുക്കൂട്ടരും തമ്മില്‍ വാക്കേറ്റത്തിന് വഴിവെച്ചു. അതോടെ മറ്റ് പ്രതികളായ ഏബല്‍ ജോണിനേയും ജെബിന്‍ ജോസഫിനേയും വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് രാത്രി 11 മണിയോടെ ബാറിന്റെ മുന്‍വശത്ത് നിന്ന് സുരേഷിനെ ചീത്തവിളിക്കുകയും കയ്യില്‍ ഉണ്ടായിരുന്ന കരിങ്കല്ലുകൊണ്ട് എറിയുകയും ചെയ്തു.ആക്രമണത്തില്‍ പരിക്കേറ്റ സുരേഷിനെ ഉടനെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ എം ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പരാതിയില്‍ കേസെടുത്ത് പ്രതികളെ അറസ്റ്റുചെയ്തു.

Top