കൈപിടിച്ച് വലിച്ച് ‘വേദനിപ്പിച്ച്’ വിശ്വാസി; കലിപ്പടിച്ച് പോപ്പ്

സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വിശ്വാസികളെ ആശംസിക്കാന്‍ എത്തിയ പോപ്പ് ഫ്രാന്‍സിസിന്റെ കൈപിടിച്ച് വലിച്ച് വിശ്വാസി. ഇവരോട് ദേഷ്യപെടുന്ന പോപ്പിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വത്തിക്കാന്‍ സിറ്റില്‍ ഒരുക്കിയ വമ്പന്‍ പുല്‍ക്കൂട് കാണാനെത്തിയപ്പോഴാണ് 83കാരനായ പോപ്പിനെ കൈയില്‍ പിടിച്ച് സ്ത്രീ തന്റെ അരികിലേക്ക് വലിച്ചത്.

ആള്‍ക്കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു കുട്ടിയെ തൊടാന്‍ കൈനീട്ടിയ ശേഷം പിന്നിലേക്ക് നടക്കവെയാണ് അരികില്‍ നിന്ന സ്ത്രീ പോപ്പ് ഫ്രാന്‍സിസിനെ പിടിച്ചുവലിച്ചത്. അപ്രതീക്ഷിതമായ പിടിവലിയില്‍ കൈവേദനിച്ച് പോയതോടെയാണ് പോപ്പ് തന്റെ കൈ ബലം പ്രയോഗിച്ച് മോചിപ്പിച്ചത്. പോപ്പ് അരികിലേക്ക് എത്തുമ്പോള്‍ കുരിശ് വരച്ച ശേഷമാണ് സ്ത്രീ ഈ പ്രകടനം കാഴ്ചവെച്ചത്. ചെറിയൊരു നിരാശ സമ്മാനിച്ചെങ്കിലും അദ്ദേഹം മറ്റുള്ള വിശ്വാസികളോടും, ടൂറിസ്റ്റുകളോടും പുഞ്ചിരിയോടെയാണ് പെരുമാറിയത്.

പുല്‍ക്കൂട് കാണാനെത്തിയ പോപ്പിനെ കണ്ട് ആള്‍ക്കൂട്ടം ‘ഹാപ്പി ന്യൂഇയര്‍’ വിളിച്ച് ആവേശം പ്രകടമാക്കിയതോടെയാണ് പോപ്പ് ഇവര്‍ക്കിടയിലേക്ക് എത്തിയത്. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടന്ന ന്യൂഇയര്‍ ഈവ് വെസ്‌പേഴ്‌സ് സര്‍വ്വീസില്‍ ജനങ്ങളോട് കൂടുതല്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും, പാലങ്ങളാണ് മതിലുകളല്ല പണിയേണ്ടതെന്നും ആഹ്വാനം ചെയ്തു. 2013ല്‍ പോപ്പായി അധികാരമേറ്റത് മുതല്‍ തുറന്ന സമീപനങ്ങളിലൂടെയാണ് അദ്ദേഹം ജനപ്രിയനായി മാറിയത്.

പോപ്പ് ഫ്രാന്‍സിസിന്റെ പുരോഗമന നിലപാടുകള്‍ സഭയിലെ യാഥാസ്ഥിതികരെ ചൊടിപ്പിക്കുന്നുമുണ്ട്. ക്രിസ്മസ് സന്ദേശത്തില്‍ ഈ എതിര്‍പ്പുകളെ കുറിച്ച് പോപ്പ് എടുത്ത് സംസാരിക്കുകയും ചെയ്തു. പുരോഗമന നിലപാടുകള്‍ സ്വീകരിക്കാതെ മറ്റുള്ളവരോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്ന യാഥാസ്ഥിതിക ക്രിസ്ത്യാനികള്‍ കുഴിബോംബ് മേഖലയാണ് സൃഷ്ടിക്കുന്നതെന്നാണ് അദ്ദേഹം വിമര്‍ശിച്ചത്.

Top