വടക്കന്‍ ഗാസാ മുനമ്പില്‍ നിലയുറപ്പിച്ച് ഇസ്രയേല്‍ സൈന്യം

ഡെയ്ര്‍ അല്‍ ബലാ: വടക്കന്‍ ഗാസാ മുനമ്പില്‍ നിലയുറപ്പിച്ച് ഇസ്രയേല്‍ സൈന്യം. അര്‍ധരാത്രിയില്‍ തുടരെ തുടരെ നടത്തിയ കരസേനയുടേയും വ്യോമസേനയുടേയും ആക്രമണത്തില്‍ നടുങ്ങിയിരിക്കുകയാണ് ഗാസ. ഗാസയില്‍ ഇസ്രയേലിനെ നേരിടാന്‍ തങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിക്കുമെന്നാണ് ഹമാസ് വ്യക്തമാക്കുന്നത്.

കഴിഞ്ഞദിവസം ഉണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസാ മുനമ്പ് താറുമാറായിക്കിടക്കുന്നുവെന്ന് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തിരുന്നു. ‘ഇതിന് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ബോംബാക്രമണമായിരുന്നു അര്‍ധരാത്രിയില്‍ ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ആരുമായും ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും എവിടേക്കെന്നില്ലാതെ പരസ്പരം കാണാന്‍ പോലും സാധിക്കാത്ത വിധത്തിലുള്ള അന്തരീക്ഷത്തെ മറികടന്ന് വാഹനം ഓടിച്ചു പോകേണ്ട അവസ്ഥയായിരുന്നു’ എന്ന് ആംബുലന്‍സ് ഡ്രൈവറെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ടില്‍ പറരാമര്‍ശിക്കുന്നു.

വെള്ളിയാഴ്ച രാത്രിയില്‍ ഉണ്ടായ ആക്രമണത്തില്‍ ഇന്റര്‍നെറ്റ് സേവനവും ഫോണ്‍ സംവിധാനവും നിലച്ചതുള്‍പ്പെടെ. ഭക്ഷണം, ഇന്ധനം, മരുന്നുകള്‍ തുടങ്ങിയ എല്ലാവിധത്തിലുള്ള അവശ്യസേവനങ്ങള്‍ക്കും ഗാസയിലെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. സന്നദ്ധ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും ആശങ്കയിലാണ്.

ടാങ്കുകളും ബുള്‍ഡോസറും കവചിതവാഹനങ്ങളുമുള്‍പ്പെടെ വന്‍ സന്നാഹത്തോടെയാണ് ഇസ്രയേല്‍സൈന്യം അതിര്‍ത്തികടന്നത്. ഹമാസ് താവളങ്ങള്‍ തകര്‍ക്കുക, ഹമാസ് അംഗങ്ങളെ വധിക്കുക, ആയുധങ്ങള്‍ പിടിച്ചെടുക്കുക എന്നിവയാണ് റെയ്ഡിലൂടെ ലക്ഷ്യമിടുന്നതെന്നും യുദ്ധത്തിന്റെ അടുത്തഘട്ടത്തിലേക്ക് കടക്കുന്നതിന്റെ മുന്നൊരുക്കമാണിതെന്നുമാണ് ഇസ്രയേല്‍ സൈനികവക്താവ് അഡ്മിറല്‍ ഡാനിയേല്‍ ഹഗാരി അറിയിച്ചത്. അതേസമയം ആശുപത്രികള്‍ മറയാക്കി ഹമാസ് പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്.

യുദ്ധത്തില്‍ വെള്ളിയാഴ്ചയോടെ മരണം ഏഴായിരം കടന്നിരുന്നു. ഇതില്‍ 2900-ലധികംപേര്‍ കുട്ടികളും 1500-ഓളം പേര്‍ സ്ത്രീകളുമാണ്. മുമ്പ് നാലുതവണയുണ്ടായ ഇസ്രയേല്‍-ഹമാസ് യുദ്ധങ്ങളിലെ ആകെ മരണസംഖ്യയെക്കാള്‍ കൂടുതലാണിത്. 14 ലക്ഷം പേര്‍ അഭയാര്‍ഥികളായെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

Top