ഓസ്ട്രേലിയയെ തരിപ്പണമാക്കി ഫ്രഞ്ച് പട തുടങ്ങി

ദോഹ: ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാര്‍ തോറ്റു തുടങ്ങുന്ന സമീപകാല പതിവ് ഫ്രാന്‍സ് തെറ്റിച്ചു. ഓസ്ട്രേലിയക്കെതിരെ ലീഡ് വഴങ്ങിയിട്ടും തിരിച്ചടിച്ച ഫ്രാന്‍സ് വമ്പന്‍ ജയത്തോടെ ലോകകപ്പ് നിലനിര്‍ത്താനുള്ള പോരാട്ടം തുടങ്ങി. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ഫ്രാന്‍സിന്റെ വിജയം. ഒളിവര്‍ ജിറൂഡ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ റാബിയോട്ടും എംബാപ്പെയുമാണ് ഫ്രാന്‍സിന്റെ ഗോള്‍ പട്ടിക തികച്ചത്. ഗുഡ്‌വിനാണ് ഓസീസിനായി ഫ്രഞ്ച് വല കുലുക്കിയത്.

ഫ്രഞ്ച് മുന്നേറ്റത്തോടെ തുടങ്ങിയ കളിയില്‍ അപ്രതീക്ഷിതമായാണ് ഓസീസ് ലീഡെടുത്തത്. ഒമ്പതാം മിനിറ്റില്‍ പിന്‍നിരയില്‍ നിന്ന് സൗട്ടര്‍ നല്‍കിയൊരു ലോംഗ് ബോള്‍ പിടിച്ചെടുത്ത് ഓടിയെത്തിയെ ഹെര്‍ണാണ്ടസിനെ മറികടന്ന് വലതു വിംഗില്‍ നിന്ന് ലെക്കി നല്‍കിയ മനോഹരമായൊരു ക്രോസില്‍ ക്ലിനിക്കല്‍ ഫിനിഷിംഗിലൂടെ ഗുഡ്‌വിന്‍ ആണ് ഓസ്ട്രേലിയയെ മുന്നിലെത്തിച്ചത്. ഖത്തര്‍ ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോളായിരുന്നു ഇത്.

മധ്യനിരയില്‍ ഗ്രീസ്മാനും ഡെംബലെയും എംബാപ്പെയും ചേര്‍ന്ന് നെയ്തെടുത്ത നീക്കങ്ങള്‍ ഓസ്ട്രേലിയന്‍ ബോക്സിലെത്തിയെങ്കിലും 20 മിനിറ്റോളം ഓസീസ് ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്നു. എന്നാല്‍ സമനില ഗോളിനായി ഒന്നിന് പുറകെ ഒന്നായി ആക്രമണം തൊടുത്തുവിട്ട ഫ്രാന്‍സ് കാത്തിരുന്ന ഗോള്‍ 27-ാം മിനിറ്റില്‍ റാബിയോട്ടിന്റെ തലയില്‍ നിന്ന് പിറന്നു. കോര്‍ണറില്‍ നിന്ന് തട്ടിയകറ്റിയ പന്ത് വീണ്ടും ബോക്സിലേക്ക് ഉയര്‍ത്തി അടിച്ച ഹെര്‍ണാണ്ടസാണ് ഗോളിലേക്കു സമനിലാശ്വാസത്തിലേക്കുമുള്ള വഴി തുറന്നത്. ഹെര്‍ണാണ്ടസ് ബോക്സിലേക്ക് ഉയര്‍ത്തി നല്‍കിയ ക്രോസില്‍ റാബിയോട്ടിന്റെ മനോഹര ഹെഡ്ഡര്‍ ഓസീസ് വല കുലുക്കിയപ്പോഴാണ് ഫ്രാന്‍സിന് ശ്വാസം നേരെ വീണത്.

തൊട്ടുപിന്നാലെ കിലിയന്‍ എംബാപ്പെയുടെ മനോഹരമായൊരു ബാക് ഹില്‍ പാസില്‍ നിന്ന് റാബിയോട്ടാണ് ഫ്രാന്‍സിന്റെ രണ്ടാം ഗോളിന് വഴിയൊരുക്കിയതും. ബോക്സിനകത്ത് എംബാപ്പെ നല്‍കിയ അപ്രതീക്ഷിത ബാക് ഹീല്‍ പാസ് പിടിച്ചെടുത്ത റാബിയോട്ട് നല്‍കിയ ക്രോസില്‍ ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് തട്ടിയിടേണ്ട ചുമതലയെ ഒളിവര്‍ ജിറൂഡിനുണ്ടായിരുന്നുള്ളു. പിഴവുകളേതുമില്ലാത ജിറൂഡ് മനോഹരമായി ഫിനിഷ് ചെയ്തതോടെ ഫ്രാന്‍സ് 2-1ന് മുന്നില്‍. പിന്നീട് പല തവണ ഫ്രാന്‍സ് ഗോളിന് അടുത്തെത്തി.
.
രണ്ടാം പകുതിയിലും ഫ്രാന്‍സിന്‍റെ തുടര്‍ ആക്രമണങ്ങളാണ് കണ്ടത്. ജിറൂഡിന്റെ ബൈസിക്കിള്‍ കിക്ക് പോസ്റ്റില്‍ കേറാതെ പുറത്ത് പോയി.  68-ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെയും ഓസീസ് ഗോള്‍വലയില്‍ പന്തെത്തിച്ചു. ബോക്സിന് തൊട്ടുപുറത്തു നിന്ന് ഡെംബെലെ നല്‍കി ക്രോസില്‍ എംബാപ്പെയുടെ ഹെഡ്ഡര്‍ ഫിനിഷ്. തൊട്ടുപിന്നാലെ എംബാപ്പെയുടെ അസിസ്റ്റില്‍ ജിറൂഡിന്റെ രണ്ടാം ഗോള്‍. ഓസീസ് പ്രതിരോധത്തെ ഓടിത്തോല്‍പ്പിച്ച എംബാപ്പെ നല്‍കിയ ക്രോസില്‍ ഹെഡ്ഡറിലൂടെയാമ് ജിറൂര്‍ഡ് തന്‍റെ രണ്ടാം ഗോള്‍ കണ്ടെത്തിയത്. ഇതോടെ ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന തിയറി ഹെന്‍റിയുടെ(51 ഗോള്‍) റെക്കോര്‍ഡിനൊപ്പമെത്താനും ജിറൂഡിനായി.

Top