സൗജന്യ കിറ്റ് കേരളത്തിന്റേതു തന്നെ, ഒടുവില്‍ സമ്മതിച്ച് കേന്ദ്ര സര്‍ക്കാറും !

ങ്ങനെ ഒടുവില്‍ ഒരു നുണകൂടി ഇപ്പോള്‍ പൊളിഞ്ഞിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യവസ്തുക്കളാണ് സഞ്ചിയിലാക്കി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെന്ന യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും ആരോപണങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ തന്നെ ഇപ്പോള്‍ നിക്ഷേധിച്ചിരിക്കുന്നത്. തിരുവനന്തപുരം സ്വദേശി അജയ് എസ് കുമാറിന് വിവരാവകാശ നിയമപ്രകാരം കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം നല്‍കിയ മറുപടിയിലാണ് യാഥാര്‍ത്ഥ്യം വ്യക്തമാക്കിയിരിക്കുന്നത്.

കേരളത്തിനെന്നല്ല ഒരു സംസ്ഥാനത്തിനും ഭക്ഷ്യക്കിറ്റ് അനുവദിക്കുന്നില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. വിവിധ പദ്ധതികള്‍ വഴി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും അരിയും ഗോതമ്പും മാത്രമാണ് വിതരണം ചെയ്യുന്നതെന്നും മറുപടിയില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് നല്‍കാന്‍ അഞ്ചു കിലോ അരിയും അന്ത്യോദയ അന്നയോജന വിഭാഗക്കാര്‍ക്ക് 35 കിലോ അരിയുമാണ് പ്രതിമാസം അനുവദിച്ചിരുന്നത്. 2020ലെ ലോക്ഡൗണ്‍ സമയത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി അഞ്ചു കിലോ അരിയും ഗോതമ്പും നല്‍കിയതായും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഏതെല്ലാം സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ സാജന്യ ഭക്ഷ്യക്കിറ്റ് നല്‍കുന്നുണ്ട് എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടി ലഭിച്ചിരിക്കുന്നത് ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനും വന്‍ തിരിച്ചടിയായാണ് മാറിയിരിക്കുന്നത്. സോഷ്യല്‍ മീഡിയകളില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനും എതിരെ ശക്തമായ പരിഹാസമാണ് ഉയര്‍ന്നിരിക്കുന്നത്. കേന്ദ്ര വിഹിതമാണ് കിറ്റെന്നാണ് കഴിഞ്ഞ തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ പ്രചരിപ്പിച്ചിരുന്നത്. കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തിലും ഇക്കാര്യം പ്രത്യേകം ചൂണ്ടിക്കാട്ടിയിരുന്നു. കോണ്‍ഗ്രസ്സ് നേതാവ് കെ.സുധാകരനും സമാന അഭിപ്രായ പ്രകടനങ്ങളാണ് നടത്തിയിരുന്നത്.

മഹാമാരിയുടെ കാലത്ത് കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയെയാണ് കേന്ദ്രത്തിന്റെ ക്രഡിറ്റിലാക്കാന്‍ ബി.ജെ.പിക്കൊപ്പം തന്നെ കോണ്‍ഗ്രസ്സും മത്സരിച്ചിരുന്നത്. അതേസമയം കേന്ദ്രം നല്‍കുന്ന കിറ്റാണെങ്കില്‍ എന്തുകൊണ്ട് ഇത് മറ്റു സംസ്ഥാനങ്ങളില്‍ ഇല്ലെന്ന ചോദ്യത്തിന് പ്രതിപക്ഷ നേതാക്കള്‍ മറുപടി പറഞ്ഞിരുന്നുമില്ല. കോവിഡ് 19 വിതച്ച ആശങ്കകള്‍ക്ക് ആശ്വാസമേകാനാണ് പിണറായി സര്‍ക്കാര്‍ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചിരുന്നത്. ഒരു വര്‍ഷം മുന്‍പ് തുടങ്ങിയ ഈ പദ്ധതി ഇപ്പോഴും സംസ്ഥാനത്ത് തുടരുകയാണ് ചെയ്യുന്നത്. അന്യസംസ്ഥാന തൊഴിലാളികള്‍ക്കും സൗജന്യ കിറ്റ് വലിയ ആശ്വാസമായാണ് മാറിയിരിക്കുന്നത്.

ഒരു കുടുംബത്തിന് ഒരു കിറ്റ് എന്ന തോതിലാണ് ആയിരം രൂപ വിലയുള്ള കിറ്റുകളുടെ വിതരണം നടക്കുന്നത്. രണ്ട് കിലോ ആട്ട, ഒരോ കിലോ വീതം പഞ്ചസാര, ചെറുപയര്‍, കടല, ഉഴുന്ന്, റവ, ഉപ്പ്, ഒരു ലിറ്റര്‍ സണ്‍ഫഌവര്‍ ഓയില്‍, അര ലിറ്റര്‍ വെളിച്ചെണ്ണ, 250 ഗ്രാം വീതം ചായപ്പൊടി, പരിപ്പ്, 100 ഗ്രാം വീതം മുളക് പൊടി, മഞ്ഞപ്പൊടി, മല്ലിപ്പൊടി, കടുക്, അലക്കുസോപ്പ്, ടോയ്‌ലെറ്റ് സോപ്പ്, തുടങ്ങി 17 സാധനങ്ങളാണ് കിറ്റിലുണ്ടായിരുന്നത്. കേരള സര്‍ക്കാറിന്റെ ഈ ജനകീയ പദ്ധതിയുടെ ക്രഡിറ്റാണ് കോണ്‍ഗ്രസ്സുള്‍പ്പെടെ മോദി സര്‍ക്കാറിന് നല്‍കാന്‍ തയ്യാറായിരുന്നത്. ഇക്കാര്യത്തിലെ മുഴുവന്‍ സംശയങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാറിന്റെ മറുപടിയോടെ എന്തായാലും പരിസമാപ്തി ആയിട്ടുണ്ട്.

മഹാമാരിയുടെ ദുരിതകാലത്ത് സമ്പന്ന സംസ്ഥാനങ്ങള്‍ പോലും സൗജന്യ പദ്ധതികളില്‍ നിന്നും പിറകോട്ട് പോയപ്പോള്‍ പരിമിതിക്കുള്ളില്‍ നിന്നു കൊണ്ട് അസാധാരണമായ തീരുമാനമാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ കൈ കൊണ്ടിരുന്നത്. അതാകട്ടെ കേവലം കിറ്റില്‍ മാത്രമായി ഒതുങ്ങിയിരുന്നുമില്ല. യാചകര്‍ ഉള്‍പ്പെടെ പാവപ്പെട്ട എല്ലാവരുടെയും വിശപ്പടക്കാനും കേരള സര്‍ക്കാര്‍ മുന്‍കൈ എടുക്കുകയുണ്ടായി. ഭക്ഷണ പൊതികളുമായി സന്നദ്ധ പ്രവര്‍ത്തകര്‍ മാത്രമല്ല പൊലീസും തെരുവിലിറങ്ങിയതും നാടിനെ അത്ഭുതപ്പെടുത്തിയ കാഴ്ചകള്‍ തന്നെയായിരുന്നു.

വിശന്നിരിക്കുന്ന മിണ്ടാ പ്രാണികളോട് പോലും അനുകമ്പ കട്ടിയ സര്‍ക്കാറാണിത്. കോവിഡ് കാലത്ത് കേരളം കാട്ടിയ പോലെ ഒരു കരുതല്‍ രാജ്യത്തെ മറ്റൊരു സംസ്ഥാനത്ത് നിന്നും ഉണ്ടായിട്ടില്ലന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ മാത്രമല്ല ദേശീയ മാധ്യമങ്ങളും ഇക്കാര്യം പലവട്ടം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രതിസന്ധിയില്‍ ശക്തയായി നയിച്ചതിന് ഇടതുപക്ഷ സര്‍ക്കാറിന് കേരള ജനത നല്‍കിയ സ്‌നേഹോപഹാരം കൂടിയാണ് ഇപ്പോഴത്തെ ഭരണ തുടര്‍ച്ച. ദുരിത കാലത്തും രാഷ്ട്രീയ വിളവെടുപ്പിന് തുനിഞ്ഞവരെയാണ് ജനങ്ങള്‍ ഇവിടെ പടിയടച്ച് പിണ്ഡംവച്ചിരിക്കുന്നത്. ഇനിയും പാഠം പഠിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ലങ്കില്‍ അവശേഷിക്കുന്ന സ്വാധീനം കൂടിയാണ് നഷ്ടപ്പെടുക. ഇക്കാര്യവും ഓര്‍ക്കുന്നത് നല്ലതായിരിക്കും.

Top