കോൺഗ്രസ്സിൽ മുഖ്യമന്ത്രി കസേര ലക്ഷ്യമിടുന്നതിൽ പ്രമുഖരായ നാലു പേരും നായർ സമുദായത്തിൽ നിന്ന് !

നേതൃമാറ്റം കൊണ്ട് കേരളത്തിലെ കോൺഗ്രസ്സിൽ ഉണ്ടായ പുതിയ സമവാക്യങ്ങളെല്ലാം കോൺഗ്രസ് പ്ലീനറി സമ്മേളനം കഴിയുന്നതോടെ അവസാനിക്കും. ഛത്തിസ്ഗഢിലെ റായ്പൂരിലാണ് പ്ലീനറി സമ്മേളനം നടക്കുന്നത്. പ്രതിനിധികളെല്ലാം എത്തി കഴിഞ്ഞതോടെ അണിയറ നീക്കങ്ങളും ശക്തമാണ്. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളായ എ.കെ ആന്റണിയും ഉമ്മൻ ചാണ്ടിയും മാറുന്ന ഒഴിവിലേക്ക് രമേശ് ചെന്നിത്തല എന്തായാലും ബർത്ത് ഉറപ്പിച്ചിട്ടുണ്ട്. അടുത്ത ഒഴിവിലേക്ക് ശശിതരൂരാണോ അതോ കൊടിക്കുന്നിൽ സുരേഷാണോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. ഇവരിൽ ആര് വന്നാലും അവർ ലക്ഷ്യമിടുന്നത് കേരളത്തിലെ മുഖ്യമന്ത്രി കസേരയായിരിക്കും.

കേന്ദ്രത്തിൽ കോൺഗ്രസ്സിന്റെ സാധ്യത ഇനിയും സ്വപ്നമായി അവശേഷിക്കുന്ന സാഹചര്യത്തിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള ഭരണം പിടിക്കണമെന്നതും മുഖ്യമന്ത്രിയാകണമെന്നതും രമേശ് ചെന്നിത്തലയുടെ മാത്രമല്ല കെ.സി വേണുഗോപാലിന്റെയും ലക്ഷ്യമാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുന്നോട്ടു പോകുന്നതും ഇതേ ലക്ഷ്യം മുൻ നിർത്തി തന്നെയാണ്. തരൂരിന്റെ ലക്ഷ്യവും മറ്റൊന്നല്ല. സി.പി.എം നേതൃത്വം കെ. രാധാകൃഷ്ണൻ എന്ന ദളിത് നേതാവിനെ പിണറായിയുടെ പിൻഗാമിയായി ഉയർത്തി കാട്ടിയാൽ അതിനെ ചെറുക്കാൻ തനിക്ക് ഒരവസരം ലഭിച്ചേക്കുമെന്ന പ്രതീക്ഷ കൊടിക്കുന്നിൽ സുരേഷിനുമുണ്ട്. സീനിയോററ്റി മാനദണ്ഡമായാൽ പരിഗണിക്കുമെന്ന പ്രതീക്ഷയാണ് കെ.മുരളീധരനെ നയിക്കുന്നത്. ഇതൊക്കെയാണ് കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളുടെ ആഗ്രഹങ്ങൾ. പ്രവർത്തക സമിതി അംഗമായവർക്കാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ യോഗ്യത എന്നതാണ് കോൺഗ്രസ്സിലെ കീഴ് വഴക്കം.

ഇടതുപക്ഷത്തോട് ഏറ്റുമുട്ടി ജയിക്കുക എന്നത് കോൺഗ്രസ്സിനും യു.ഡി.എഫിനും മുന്നിലെ വലിയ ഒരു വെല്ലുവിളി തന്നെയാണ്. സംഘടനാപരമായ ദൗർബല്യവും ന്യൂനപക്ഷ വിഭാഗങ്ങളിലെ താൽപ്പര്യ കുറവുമാണ് യു.ഡി.എഫ് നേരിടുന്ന പ്രധാന വെല്ലുവിളി. ഇടതുപക്ഷ വോട്ട് ബാങ്കിൽ ചോർച്ചയുണ്ടാക്കുക എന്നത് അവരെ സംബന്ധിച്ച് വളരെ ശ്രമകരമായ ദൗത്യം തന്നെയാണ്. ഇവിടെയാണ് നായകന്റെ പ്രസക്തിയും ഉയരുന്നത്. ഇടതുപക്ഷത്തെ പോലെ ഒരാളെയും ഉയർത്തി കാട്ടാതെ തിരഞ്ഞെടുപ്പിനെ നേരിട്ട് വിജയിക്കാൻ കോൺഗ്രസ്സിനു കഴിയുകയില്ല.

ഉമ്മൻചാണ്ടിയെ പോലുള്ള ജനകീയനായ നേതാവ് ഉണ്ടായിട്ടുപോലും ഇടതുപക്ഷത്തിന്റെ തുടർ ഭരണത്തിന് തടയിടാൻ യു.ഡി.എഫിന് സാധിച്ചിട്ടില്ലന്നതും നാം തിരിച്ചറിയേണ്ടതുണ്ട്. ശശി തരൂരിനെ ഉയർത്തി കാട്ടണമെന്ന് ഒരു വിഭാഗം ഇപ്പോൾ ആവശ്യപ്പെടുന്നതും ഈ പശ്ചാത്തലത്തിലാണ്. മുന്നണിയിലെ ഘടക കക്ഷികൾക്കും പ്രവർത്തകർക്കും ആത്മവിശ്വാസം നൽകാനെങ്കിലും അത്തരം ഒരു മാറ്റം അനിവാര്യമാണെന്നതാണ് ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

തരൂരിനെ യഥാർത്ഥത്തിൽ ഭയക്കുന്നത് രമേശ് ചെന്നിത്തല, കെ.സി. വേണു ഗോപാൽ, വി.ഡി സതീശൻ തുടങ്ങിയ കോൺഗ്രസ്സ് നേതാക്കൾ തന്നെയാണ്. അതിനുള്ള തടയിടാനാണ് പ്രവർത്തക സമിതിയിൽ കൊണ്ടുവരാതിരിക്കാനും ശ്രമം നടക്കുന്നത്. ഇക്കാര്യത്തിൽ കരുക്കൾ നീക്കുന്നത് കെ.സി വേണുഗോപാലാണ്. തരൂരിനെ പ്രവർത്തക സമിതിയിൽ എത്താതെ തടയുകയാണ് ലക്ഷ്യം. രാഹുൽ ഗാന്ധി ഈ നീക്കത്തെ പിന്തുണച്ചാൽ തരൂർ മത്സരിച്ചാൽ പോലും ജയിക്കാൻ സാധ്യതയില്ല. ഇത്തരമൊരു സാഹചര്യത്തിൽ അദ്ദേഹം പിൻമാറാനാണ് സാധ്യത.

എന്നാൽ, പൊതു സമൂഹത്തിൽ ഉയരുന്ന നാണക്കേട് ഒഴിവാക്കാൻ പ്രവർത്തക സമിതിയിൽ തരൂരിനെ ഉൾപ്പെടുത്തിയാൽ അത് കേരളത്തിലെ കോൺഗ്രസ്സിലെ ശാക്തിക ചേരിയിലും പ്രതിഫലിക്കും. അക്കാര്യവും ഉറപ്പാണ്. കോൺഗ്രസിന്റെ 85മത് പ്ലീനറി സമ്മേളനത്തിൽ 15,000 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

EXPRESS KERALA VIEW

Top