‘സ്വപ്‌നങ്ങൾ പൂക്കുന്ന കാട്’; പരിസ്ഥിതി ദിനത്തിൽ ട്രെയ്‍ലർ റിലീസ്

സോഹൻലാൽ സംവിധാനം ചെയ്‍ത അഞ്ചാമത്തെ സിനിമയായ ‘സ്വപ്‌നങ്ങൾ പൂക്കുന്ന കാടിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയ്‍ലറും പുറത്തിറങ്ങി. ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് മലയാള സിനിമാ സംവിധായകരുടെ സംഘടനയായ ഫെഫ്‍കയും വേൾഡ് മലയാളീ കൗൺസിലുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള 21 പുരസ്‌കാരങ്ങൾ നേടി അന്താരാഷ്‍ട്ര ചലച്ചിത്ര മേളകളിൽ ശ്രദ്ധേയമായ ചിത്രമാണ് ‘സ്വപ്‌നങ്ങൾ പൂക്കുന്ന കാട്. ക്ലിന്റ്, പൃഥ്വിരാജിന്റെ ‘9’ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ അലോക് കൃഷ്‍ണയാണ് ‘സ്വപ്‌നങ്ങൾ പൂക്കുന്ന കാടിലെ’ നായകൻ.

‘ഓർക്കുക വല്ലപ്പോഴും’, ‘കഥവീട്, ‘ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവി’, ‘അപ്പുവിന്റെ സത്യാന്വേഷണം’ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സോഹൻലാൽ. നിരവധി പ്രശസ്‍തമായ ചലച്ചിത്രമേളകളിൽ നിറഞ്ഞ കയ്യടിയോടെയാണ് സിനിമാസ്വാദകർ ചിത്രത്തെ വരവേറ്റത്. കാലിക പ്രസക്തമായ പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ‘സ്വപ്‌നങ്ങൾ പൂക്കുന്ന കാട്’ മലയാളത്തിലെ ആദ്യ ചിൽഡ്രൻസ് ഫിലിം ട്രിലജിയുടെ അവസാന ഭാഗം കൂടിയാണ്. സമപ്രായക്കാരായ മൂന്നു കുട്ടികളുടെ കഥ പറയുന്നു എന്നതിനപ്പുറം ഈ സിനിമകൾക്ക് പരസ്‍പരം ബന്ധമില്ല. ഓരോ സിനിമയും മറ്റൊന്നിന്റെ തുടർച്ചയോ അവസാനമോ അല്ല.

Top