സ്വയം പ്രതിരോധമെന്ന ഇസ്രായേലിന്റെ വാദങ്ങള്‍ ദുര്‍ബലം: സൗദി വിദേശകാര്യ മന്ത്രി

റിയാദ്: സൗദി അറേബ്യയുടെ സന്ദേശം വ്യക്തമാണെന്നും അത് ഗാസയില്‍ ശാശ്വത വെടിനിര്‍ത്തലാണെന്നും വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു. ചൈനീസ് വിദേശകാര്യ മന്ത്രി, അറബ്-ഇസ്ലാമിക് മന്ത്രിതല സമിതിയംഗങ്ങള്‍ എന്നിവരോടൊപ്പം പലസ്തീന്‍ വിഷയത്തില്‍. യു.എന്‍ രക്ഷാകൗണ്‍സിലില്‍ നടത്തിയ പ്രസംഗത്തിലാണ് സൗദി മന്ത്രി നിലപാട് വ്യക്തമാക്കിയത്.

സ്വയം പ്രതിരോധമെന്ന ഇസ്രായേലിന്റെ വാദങ്ങള്‍ ദുര്‍ബലമാണ്. പരിഹാരമെന്നത് ഗാസയിലെ വെടിനിര്‍ത്തലും സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രവുമാണ്. ഇതാണ് ഞങ്ങളുടെ നിലപാട്. ഞങ്ങള്‍ നിരവധി സമാധാന ഫോര്‍മുലകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ സമാധാന സംരംഭങ്ങളെ കുറിച്ച് ഒരു വ്യക്തതയുമില്ല. സമാധാനം ഞങ്ങളുടെ തന്ത്രപരമായ തെരഞ്ഞെടുപ്പാണ്. അത് ഇസ്രായേലിന്റെ തെരഞ്ഞെടുപ്പും ആയിരിക്കണമെന്നും സൗദി വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.

ഗാസയുടെ കാര്യത്തില്‍ അന്താരാഷ്ട്ര സംവിധാനങ്ങളുടെ ഉത്തരവാദിത്തമില്ലായ്മ വ്യക്തമാണ്. ഇത് പരിഹരിക്കപ്പെണ്ടേതുണ്ട്. ഗാസ മുനമ്പിലേക്ക് കൂടുതല്‍ മാനുഷിക സഹായം എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗാസയിലെ നിലവിലെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ അപര്യാപ്തമാണെന്നും ഞങ്ങളുടെ ലക്ഷ്യം സ്ഥിരമായ വെടിനിര്‍ത്തലാെണന്ന് സെക്യൂരിറ്റി കൗണ്‍സിലിലെ പ്രസംഗത്തിന് മുമ്പ് ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലും സൗദി മന്ത്രി നിലപാട് വ്യക്തമാക്കിയിരുന്നു. അക്രമം ഒരു പരിഹാരമല്ല. വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന ശബ്ദങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ തന്നെ ഉയരുകയാണ്. ഗാസയിലെ സ്ഥിതി ദുസ്സഹമാണ്.

ഗാസയില്‍ എന്താണ് സംഭവിക്കുന്നതെന്ന് അന്താരാഷ്ട്ര പൊതുജനാഭിപ്രായം മാറാന്‍ തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സമൂഹം യുദ്ധവും ഉപരോധവും നിര്‍ത്തി ഗാസക്ക് മാനുഷിക സഹായങ്ങള്‍ നല്‍കണം. പലസ്തീനികളുടെ കുടിയൊഴിപ്പിക്കലിനെ സൗദി അറേബ്യ നിരസിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ഗാസയിലെ താത്കാലിക വെടിനിര്‍ത്തലില്‍ നിന്ന് മറ്റ് സന്ധികള്‍ കെട്ടിപ്പടുക്കാനാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഈജിപ്തിന്റെയും ഖത്തറിന്റെയും ശ്രമങ്ങളോടെ ഗാസയില്‍ വെടിനിര്‍ത്തല്‍ നീട്ടാന്‍ അവസരമുണ്ടെന്നും മന്ത്രി പറഞ്ഞു.

Top