‘മേപ്പടിയാനെ’ എതിർക്കുന്ന ശക്തികൾ ‘ഏകലവ്യന്‍’ സിനിമയും കാണണം

ന്തിലും ഏതിലും… വര്‍ഗ്ഗീയത കാണുന്നവര്‍ നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന പുതിയ കാലമാണിത്. നവമാധ്യമങ്ങള്‍ വഴി മത സ്പദര്‍ധ വളര്‍ത്തുന്ന പ്രചരണം നടത്തുന്നവരെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ സംസ്ഥാന പൊലീസ് മേധാവിയും നിര്‍ദ്ദേശം നല്‍കി കഴിഞ്ഞിട്ടുണ്ട്. ആലപ്പുഴയിലെ ഇരട്ട കൊലപാതകത്തിനു ശേഷമാണ്, വിദ്വേഷ പ്രചരണങ്ങള്‍ കൂടുതലും ശക്തമായിരിക്കുന്നത്. ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കേണ്ടത് മതേതര കേരളത്തിന്റെ നിലനില്‍പ്പിനു തന്നെ അനിവാര്യമാണ്.

സൗഹൃദങ്ങള്‍ക്കിടയില്‍ പോലും മതങ്ങള്‍ വേര്‍തിരിവുണ്ടാക്കുന്ന ഒരു കാലം നമുക്ക് ചിന്തിക്കാന്‍ പറ്റുന്നതിലും അപ്പുറമാണ്. എന്നാല്‍ അത്തരം ഒരവസ്ഥയിലേക്കാണ് ഈ നാടിനെ വര്‍ഗ്ഗീയ ശക്തികള്‍ കൊണ്ടു പോകാന്‍ ശ്രമിക്കുന്നത്. എവിടെ നിന്ന് സാധനങ്ങള്‍ വാങ്ങണമെന്നും വാങ്ങരുത് എന്നൊക്കെ കല്‍പ്പിക്കുന്ന രീതിയില്‍ നിന്നും ഏത് സിനിമ കാണണം കാണരുത് എന്ന നിലയിലേക്കു കൂടിയാണ് ഇക്കൂട്ടര്‍ ഇപ്പോള്‍ മാറിയിരിക്കുന്നത്. ചില സിനിമകള്‍ക്കെതിരായി നടക്കുന്ന സംഘടിത പ്രചരണങ്ങളും സമൂഹം ഗൗരവമായി തന്നെ വിലയിരുത്തേണ്ടതുണ്ട്.

സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സിനിമകളാണ് തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. അത് കാണാനും കാണാതിരിക്കാനും ഉള്ള സ്വാതന്ത്ര്യം ഈ നാട്ടിലെ ഓരോ പൗരനും ഉണ്ട്. കമ്യൂണിസ്റ്റുകളുടെയും അവരുടെ പോരാട്ടങ്ങളുടെയും കഥ പറയുന്ന നിരവധി സിനിമകള്‍ ഈ മലയാളത്തില്‍ തന്നെ പിറവിയെടുത്തിട്ടുണ്ട്. മോഹന്‍ലാലും മുരളിയും തകര്‍ത്തഭിനയിച്ച ലാല്‍ സലാം മുതല്‍ ഈ പട്ടികയില്‍ ചൂണ്ടിക്കാട്ടാന്‍ നിരവധി സിനമകളാണ് ഉള്ളത്. ഇവയില്‍ മിക്കതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു എന്നതും നാം ഓര്‍ക്കണം. കമ്യൂണിസ്റ്റായി വേഷമിട്ടതിന് മോഹന്‍ലാല്‍ ഉള്‍പ്പെടെ ഇവിടെ ഒരു നടനെയും ആരും കടന്നാക്രമിച്ചിട്ടില്ല.

എന്നാല്‍ കാവല്‍ എന്ന സിനിമ പുറത്തിറങ്ങിയപ്പോള്‍ അതിനെതിരെ സംഘടിതമായ നീക്കങ്ങളാണ് ഉണ്ടായിരുന്നത്. ആ സിനിമ പരാജയപ്പെടുത്താനും വലിയ പ്രചരണമുണ്ടായി. ബി.ജെ.പി എം.പി എന്ന നിലയില്‍ സുരേഷ് ഗോപി യോട് എതിര്‍പ്പുള്ളവര്‍ ആ എതിര്‍പ്പ് എന്തിനാണ് അദ്ദേഹം അഭിനയിച്ച സിനിമകളോടും കാണിക്കുന്നത് എന്നത് രാഷ്ട്രീയ കേരളം വിലയിരുത്തേണ്ടതു തന്നെയാണ്. പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്ന രീതിയല്ല അത്. സിനിമയെ സിനിമയായി കാണാനാണ് തയ്യാറാകേണ്ടത്. അത്തരത്തിലുള്ള വിലയിരുത്തലുകളാണ് സോഷ്യല്‍ മീഡിയകളിലും നടക്കേണ്ടത്. അതല്ലാതെ അഭിനയിക്കുന്നവരുടെ രാഷ്ട്രീയത്തിന് പിന്നാലെ പോയി സിനിമയെ തകര്‍ത്ത് പക വീട്ടാന്‍ ശ്രമിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്നതല്ല.

കാവലിനു നേരെയുള്ള കടന്നാക്രമണത്തിന്റെ തുടര്‍ച്ച എന്ന രൂപത്തില്‍ വേണം ഉണ്ണി മുകുന്ദന്റെ മേപ്പടിയാനെയും വിലയിരുത്താന്‍. ഈ സിനിമയെ ഒരിക്കലും മോശമായി വിലയിരുത്താന്‍ കഴിയുകയില്ല. ജനങ്ങള്‍ കണ്ടിരിക്കേണ്ട സിനിമ തന്നെയാണിത്. ബോറടിക്കാതെ കണ്ടിരിക്കാം എന്നതും ഉറപ്പ്. കഥാപാത്രങ്ങളെയും സിനിമയില്‍ ഉപയോഗിച്ച വസ്തുക്കളെയും മതത്തിന്റെ കണ്ണിലൂടെ മാത്രം കാണുന്നവര്‍ക്കാണ്, മേപ്പടിയാന്‍ അരോചകമായി തോന്നുക. അതില്‍, സഹതപിക്കുക മാത്രമേ നിവൃത്തിയൊള്ളൂ. മേപ്പടിയാനില്‍ വര്‍ഗ്ഗീയത പറയുന്നത് പച്ചയായി തന്നെയാണ് എന്നു പറയുന്നവര്‍ മുന്‍പ് ഇറങ്ങിയ മലയാള സിനിമകള്‍ കൂടി ശരിക്കും ഒന്നു വിലയിരുത്തുന്നത് നല്ലതാണ്. ഈ ‘കണ്ണിലൂടെയാണ്’ നിങ്ങള്‍ സിനിമകളെ കാണുന്നതെങ്കില്‍ അതിലും കാണും ‘വര്‍ഗ്ഗീയത’

പ്രബുദ്ധ കേരളം…മതേതര കേരളം . . എന്നൊക്കെ ദൈവത്തിന്റെ ഈ സ്വന്തം നാടിനെ വിശേഷിപ്പിക്കുന്നത് ഈ മണ്ണിലെ ജനങ്ങളുടെ കാഴ്ചപ്പാടു കൂടി മുന്‍ നിര്‍ത്തിയാണ്. അതിനെ ‘തിരുത്താന്‍’ ഒരു വര്‍ഗ്ഗീയ ശക്തികള്‍ക്കും സാധ്യമാകില്ലന്നതും ഓര്‍ത്തു കൊള്ളണം. സിനിമകളെ വിലയിരുത്തേണ്ടത് അതിലെ പ്രമേയത്തിന്റെയും അഭിനയത്തിന്റെയും മേയ്ക്കിങ്ങിന്റെയും അടിസ്ഥാനത്തിലാകണം. അതല്ലാതെ ഫിലിം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് നന്ദി പറയുന്നത് ആരോടൊക്കെയാണ് എന്നു നോക്കിയാവരുത്. മാതൃഭൂമിയോടും ജനം ടി വിയോടും സേവാഭാരതി യോടും പി സി ജോര്‍ജിനോടും അദ്ദേഹത്തിന്റെ മകനോടും എല്ലാം നന്ദി പറഞ്ഞത് വിവാദമാക്കുന്നവര്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ഉദ്ദേശിക്കുന്നത് എന്നതാണ് വ്യക്തമാക്കേണ്ടത്. പണം മുടക്കി സിനിമ നിര്‍മ്മിക്കുന്നവര്‍ക്ക് ആരുടെ പേരും ടൈറ്റില്‍ കാര്‍ഡില്‍ കൊടുക്കാന്‍ അവകാശമുണ്ട്. അതാണ് രീതി. അതിനെ ചോദ്യം ചെയ്യുന്നതു തന്നെ തെറ്റാണ്.

ഉണ്ണി മുകുന്ദന്റെ ഫിലിം പ്രൊഡക്ഷന്‍ കമ്പനി ആയ UMF നിര്‍മ്മിച്ച ചിത്രമായത് കൊണ്ട് തന്റെ എല്ലാ തന്നിഷ്ടങ്ങളും തോന്നിവാസവും ഉപയോഗിക്കാന്‍ ഉണ്ണി മുകുന്ദന് കഴിഞ്ഞിട്ടുണ്ട് എന്ന വാദങ്ങളും യുക്തിക്ക് നിരക്കുന്നതല്ല. പക ഉണ്ണിയോടുണ്ടെങ്കില്‍ അത് സിനിമയില്‍ തീര്‍ക്കാതിരിക്കുന്നതാണ് നല്ലത്. വിഷ്ണു മോഹന്‍, തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിച്ച ചിത്രം കൃത്യമായി ഒരു മതത്തിനെതിരെ സംസാരിക്കുകയാണ് എന്ന തോന്നല്‍ വര്‍ഗ്ഗീയ കാഴ്ചപ്പാട് മനസ്സില്‍ ഒളിപ്പിച്ച് സിനിമ കാണുന്നവര്‍ക്ക് മാത്രമേ തോന്നുകയൊള്ളു. സിനിമയില്‍ ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന അഷറഫ് ഹാജി എന്ന കഥാപാത്രത്തെ ചൂണ്ടിക്കാട്ടി ആരോപണം ഉന്നയിക്കുന്നവര്‍ മറ്റ് ഏത് മതവിഭാഗത്തില്‍പ്പെട്ട ആളായി അദ്ദേഹത്തെ ചിത്രീകരിച്ചാല്‍ പോലും അത് ഈ സിനിമയുടെ പ്രമേയത്തെ ബാധിക്കുകയില്ലന്നതും മനസ്സിലാക്കണം. കഥാപാത്രങ്ങള്‍ക്ക് പേരിടുമ്പോള്‍ വര്‍ഗ്ഗീയവാദികളില്‍ നിന്നും അനുമതി വാങ്ങണമെന്ന തിട്ടൂരമൊന്നും ഒരിക്കലും മതേതര കേരളത്തില്‍ നടക്കുകയില്ല.

ഭൂമി തന്ത്രപരമായി കൈക്കലാക്കുന്ന ഒരു വില്ലന്‍ പരിവേഷമാണ് ഇന്ദ്രന്‍സിന്റെ കഥാപാത്രത്തിന് സംവിധായകന്‍ നല്‍കിയിരിക്കുന്നത്. അതാകട്ടെ കഥ ആവശ്യപ്പെടുന്നതുമാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ ഇത്തരം വില്ലത്തരം കാണിക്കുന്ന ജന്മങ്ങള്‍ എല്ലാ മതവിഭാഗത്തിലും ഉണ്ടെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. നായകനായ ഉണ്ണിമുകുന്ദന്റെ ‘ജയകൃഷ്ണന്‍’ എന്ന കഥാപാത്രം തികഞ്ഞ ഹിന്ദു മതവിശ്വാസിയും വില്ലന്‍ പരിവേഷമുള്ള ഇന്ദ്രന്‍സിന്റെ കഥാപാത്രം തികഞ്ഞ മുസ്ലീംമത വിശ്വാസിയുമായതാണ് ഒരു വിഭാഗത്തെ ഇപ്പോള്‍ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇതിലെ കഥാപാത്രങ്ങള്‍ എല്ലാം ഹിന്ദുമതത്തില്‍ പെട്ടവര്‍ ആയിരുന്നെങ്കില്‍, ഒരു എതിര്‍പ്പും ഉണ്ടാവില്ലായിരുന്നു എന്നതും വ്യക്തം.

നായകന്റെയും വില്ലന്റെയും മതങ്ങള്‍ മാത്രമല്ല സിനിമയിലെ വര്‍ക്ക്‌ഷോപ്പിന്റെ പേരും റെയില്‍വെ ലൈനിന്റെ പേരും തുടങ്ങി ….നായകനെ സഹായിക്കാനായി വരുന്ന ആംബുലന്‍സിന്റെ പേരു വരെ വിവാദത്തിന്നായി ഒരു വിഭാഗം നിലവില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇങ്ങനെ ഒക്കെയാണ് സിനിമയെ വിലയിരുത്താനും വിമര്‍ശിക്കാനും തുടങ്ങുന്നതെങ്കില്‍ സിനിമ മാത്രമല്ല, ഒരു ടെലിഫിലിം പോലും പിടിക്കാന്‍ പറ്റാത്ത സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ പോകുക.

സിനിമയില്‍ നായകനായ ജയകൃഷ്ണന്‍ വിജയിക്കുന്നു എന്നു വിലയിരുത്തേണ്ടടത്ത് ഹൈന്ദവ മതവിശ്വാസിയായ ജയകൃഷ്ണന്‍ വിജയിക്കുന്നു എന്നു വിലയിരുത്തുന്നത് തന്നെ ദുരുദ്ദേശപരമാണ്. അതുപോലെ തന്നെ വില്ലത്തരം കാണിക്കുന്ന അഷറഫ് ഹാജി പരാജയപ്പെടുന്നു എന്നാണ് വിലയിരുത്തേണ്ടത്. അതല്ലാതെ ഇസ്ലാം മതവിശ്വാസിയായ അഷറഫ് ഹാജി പരാജയപ്പെടുന്നു എന്ന രൂപത്തിലാകരുത്. ഇങ്ങനെ വിലയിരുത്താന്‍ കഴിയാത്ത ജന്മങ്ങളാണ് സോഷ്യല്‍ മീഡിയകളിലൂടെ ഇപ്പോള്‍ വര്‍ഗീയ വിഷം ചീറ്റി കൊണ്ടിരിക്കുന്നത്.

തട്ടിപ്പുകാര്‍ മുതല്‍ കൊലപാതകികള്‍ വരെ എല്ലാ സമുദായത്തിലും ഉണ്ട്. അതാകട്ടെ സമുദായങ്ങളുടെ കുഴപ്പവുമല്ല. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ മാത്രം കുഴപ്പമാണ്. അതാണ് ആദ്യം തിരിച്ചറിയേണ്ടത്. ഒരു സിനിമയില്‍ ഏതെങ്കിലും മത വിഭാഗത്തില്‍പ്പെട്ട കഥാപാത്രം ദൃഷ്ട കഥാപാത്രമായാല്‍ അത് ആ സമുദായത്തെ ബാധിക്കുമെന്ന് വിലയിരുത്തി തുടങ്ങിയാല്‍ ഈ കേരളത്തിന്റെ അവസ്ഥ എന്താകും? മേപ്പടിയാനെതിരെ കലി തുള്ളുന്നവര്‍ അതും ഓര്‍ക്കുന്നത് നല്ലതാണ്.

ഹിന്ദു സന്യാസി മഠം കേന്ദ്രീകരിച്ച്, മയക്കുമരുന്നു വ്യാപാരവും കൊലകളും നടത്തിയ ഒരു സന്യാസിയുടെ കഥ പറഞ്ഞ ‘ഏകല്യവന്‍’ എന്ന സിനിമയും ആരും തന്നെ മറന്നു പോകരുത്. ക്രൈസ്തവ പുരോഹിതരെ വില്ലന്‍മാരാക്കുന്ന സിനിമകളും നിരവധിയാണ് പുറത്തു വന്നിട്ടുള്ളത്. എന്തിനേറെ മുസ്ലീം നാമധാരികളായ വില്ലന്‍മാരുള്ള സിനിമകളും അനവധിയാണ് പുറത്തിറങ്ങിയിട്ടുള്ളത്. അന്നൊന്നും ഒരു എതിര്‍പ്പും വിദ്വേഷ പ്രചരണങ്ങളും ഈ നാട്ടില്‍ ഉണ്ടായിട്ടില്ല.

ഈ സാഹചര്യത്തില്‍ മേപ്പടിയാനില്‍ മാത്രം വര്‍ഗ്ഗീയത കാണുന്നത് എന്തു കൊണ്ടാണ്? അതാണിപ്പോള്‍ പൊതു സമൂഹവും ചിന്തിച്ചു കൊണ്ടിരിക്കുന്നത്. സിനിമ ഒരു കലയാണ് എന്റര്‍ടൈന്‍മെന്റുമാണ് , അതിനെ ആ രൂപത്തില്‍ മാത്രം കാണാനാണ് ശ്രമിക്കേണ്ടത്.അതായിരിക്കും നാടിനും നല്ലത് . . .

EXPRESS KERALA VIEW

Top