പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്ന കേസ് ; കെഎസ്ഇബി മറുപടി നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: ഡാം മാനേജ്‌മെന്റുമായി ബന്ധപ്പെട്ട ആരോപണത്തില്‍ കെഎസ്ഇബി മറുപടി നല്‍കണമെന്ന് ഹൈക്കോടതി. ഡാം സുരക്ഷാ അതോറിറ്റിയും മറുപടി നല്‍കണമെന്ന് ഹൈക്കോടതി പറഞ്ഞു.

പ്രളയം മനുഷ്യനിര്‍മിതമെന്ന വിവിധ ഹര്‍ജികളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത മാസം ആറിനുള്ളില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണം. ഹര്‍ജികള്‍ അടുത്ത മാസം പത്തിന് വീണ്ടും പരിഗണിക്കും.

കേരളത്തിലെ പ്രളയം മനുഷ്യ നിര്‍മ്മിത ദുരന്തമാണെന്ന് ചൂണ്ടിക്കാണിച്ചു നല്‍കിയ കത്ത് പരിഗണിച്ചു സ്വമേധയാ എടുത്ത കേസും ദുരന്തത്തിന് ഇടയാക്കിയത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി അഡ്വക്കറ്റ് ടി.ജി മോഹന്‍ദാസ് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി നിര്‍ദേശം.

അതേസമയം പ്രളയക്കെടുതിയുടെ നഷ്ടപരിഹാര വിതരണത്തില്‍ ട്രൈബ്യൂണല്‍ വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് സുതാര്യമാക്കണമെന്നും പ്രളയകാരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെടും.

കേരളത്തില്‍ നടന്നത് പ്രകൃത്യാലുള്ള ദുരന്തമല്ലെന്നും മനുഷ്യനിര്‍മ്മിതമായ ദുരന്തമാണെന്നും ഹര്‍ജിയില്‍ ആരോപണമുണ്ടായിരുന്നു. അഡ്വ.ടി.ജി മോഹന്‍ദാസ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടിയിരുന്നു.

Top