മലയാളത്തിലെ ആദ്യത്തെ സോംബി ചിത്രം ‘രാ’ അണിയറയില്‍ ഒരുങ്ങുന്നു

മലയാളത്തിലെ ആദ്യത്തെ സോംബി ചിത്രം ‘രാ’ അണിയറയില്‍ ഒരുങ്ങുന്നു. ചിത്രത്തിന്റെ സ്‌നീക് പീക്ക് വീഡിയോ പുറത്തിറങ്ങി. ഭയം നിറഞ്ഞ് വീടിനുള്ളില്‍ അടഞ്ഞു കഴിയേണ്ടിവരുന്ന അവസ്ഥ ഇപ്പോള്‍ അപരിചിതമല്ല. സമാനമായ ഒരു അവസ്ഥയുടെ ഭീതി നിറഞ്ഞ നിമിഷങ്ങളെയാണ് രാ വെള്ളിത്തിരയില്‍ എത്തിക്കുന്നത്.

തമിഴില്‍ ‘ബ്രഹ്മപുരി’ എന്ന ഹൊറര്‍ ചിത്രവും, റിലീസിന് തയ്യാറെടുക്കുന്ന ‘സണ്ടളര്‍കര്‍’ എന്ന ത്രില്ലര്‍ ചിത്രവും ഒരുക്കിയ കൊച്ചിക്കാരനായ കിരണ്‍ മോഹന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. പൃഥ്വിരാജ് നായകനായ ഹൊറര്‍ ചിത്രം ‘എസ്ര’യുടെ സഹരചയിതാവായ മനു ഗോപാലാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഒലാല മീഡിയയുടെ ബാനറില്‍ അബീല്‍ അബൂബേക്കറാണ് ‘രാ’ യുടെ നിര്‍മ്മാതാവ്.

‘നൈറ്റ്ഫാള്‍ പാരനോയ’ എന്ന ടാഗ്ലൈനോടെ പുറത്തിറങ്ങുന്ന ‘രാ’ പാട്ടും ഡാന്‍സും കോമഡിയും ഒന്നുമില്ലാതെ, ഭയം നിറഞ്ഞ നിശാജീവിതത്തിന്റെ നേര്‍ക്കാഴ്ചയായിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

 

Top