ഇതര സംസ്ഥാനത്ത് നിന്നും കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍ നാളെയെത്തും

തിരുവനന്തപുരം: ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍ നാളെ പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തും. ആദ്യ ട്രെയിനില്‍ 700 യാത്രക്കാര്‍ വരെ തമ്പാനൂരിലേക്ക് എത്തുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഡല്‍ഹിയില്‍ നിന്നുള്ള ട്രെയിനിന് സംസ്ഥാനത്ത് സ്റ്റോപ് ഉള്ളത്.

നാളെ പുലര്‍ച്ചെ അഞ്ചരയോടെ ട്രെയിന്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍. എസി കോച്ചില്‍ യാത്രക്കാരെ എത്തിക്കുന്നതിനെതിരെ ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്തെത്തിയത് കൂടി കണക്കിലെടുത്ത് സ്റ്റേഷനില്‍ കര്‍ശന പരിശോധനയുണ്ടാകും.

യാത്രക്കാരെ 20 അംഗ സംഘമായി തിരിക്കും. പതിഞ്ച് ടേബിളുകള്‍ പരിശോധനയ്ക്കായി ഒരുക്കും. രണ്ട് മണിക്കൂര്‍ കൊണ്ട് പരിശോധനകള്‍ പൂര്‍ത്തിയാക്കി സ്റ്റേഷനില്‍ നിന്നും യാത്രക്കാരെ പുറത്ത് എത്തിക്കാനുള്ള ശ്രമമാണ് ജില്ലാ ഭരണകൂടത്തിന്റേത്. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ പ്രത്യേക വഴിയിലൂടെയാവും ആശുപത്രിയിലേക്ക് മാറ്റുക.

സ്റ്റേഷനില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഉണ്ടാകും. പാര്‍ക്കിംഗ് സ്ഥലത്തേക്ക് യാത്രക്കാരെ എത്തിക്കുന്നതിനും പ്രത്യേക സംവിധാനമുണ്ടാകും. വീടുകളിലേക്ക് പോകുന്നവരെ കൊണ്ടുപോകാനായി ഡ്രൈവര്‍ മാത്രമേ വരാകൂ എന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. വീടുകളിലേക്ക് മടങ്ങുന്നവര്‍ നിര്‍ബന്ധമായും 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം. തമിഴ്‌നാട് സ്വദേശികളെ കൊണ്ടുപോകാനായി തമിഴ്‌നാടില്‍ നിന്നും ബസ്സുകള്‍ എത്തും. സംസ്ഥാനത്തിന് പുറത്ത് നിന്ന് കൂടുതല്‍ പേര്‍ എത്തുന്നതോടെ നിരീക്ഷണ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ ജില്ലാ ഭരണകൂടങ്ങളോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Top