ഗോവിന്ദ് വസന്ത ഈണമിട്ട ‘വണ്ടര്‍ വിമെനീലെ’ ആദ്യ ഗാനം എത്തി

നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വണ്ടര്‍ വിമെൻ. ചിത്രത്തിലെ വീഡിയോ സോംഗ് പുറത്തെത്തി. ഹിന്ദിയിലുള്ള ഗാനത്തിന് ഈണമിട്ടിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. വരികള്‍ എഴുതിയിരിക്കുന്നത് സംവിധായിക അഞ്ജലി മേനോനും അഗ്യത്‍മിത്രയും ചേര്‍ന്നാണ്. കീര്‍ത്തന വൈദ്യനാഥനും ഗോവിന്ദ് വസന്തയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

നദിയ മൊയ്തു, നിത്യ മേനന്‍, പാര്‍വ്വതി തിരുവോത്ത്, പത്മപ്രിയ, സയനോര ഫിലിപ്പ്, അര്‍ച്ചന പത്മിനി, അമൃത സുഭാഷ് തുടങ്ങിയവര്‍ വണ്ടര്‍ വിമെനിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നു. 2018 ല്‍ പുറത്തെത്തിയ കൂടെയ്ക്കു ശേഷം അഞ്ജലി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മഞ്ചാടിക്കുരു, ബാംഗ്ലൂര്‍ ഡെയ്‍സ് എന്നിവയാണ് അഞ്ജലി മേനോന്‍ സംവിധാനം ചെയ്‍ത മറ്റു ചിത്രങ്ങള്‍.

ആര്‍എസ്‍വിപി മൂവീസ്, ഫ്ലൈയിം​ഗ് യൂണികോണ്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ് എന്നീ ബാനറുകളില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയാണ് പ്രേക്ഷകരിലേക്ക് എത്തുക. ഇം​ഗ്ലീഷിലാണ് ചിത്രം എന്നതും പ്രത്യേകതയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് റിലീസ്. അഞ്ജലി മേനോന്‍ തന്നെയാണ് ഈ പ്രോജക്റ്റ് സംബന്ധിച്ച ഊഹാപോഹങ്ങള്‍ക്ക് അവസാനം ഇട്ടുകൊണ്ട് തന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ബി​ഗ് സ്ക്രീനില്‍ അങ്ങനെ വരാത്ത, അതേസമയം വരേണ്ട വിഷയമാണ് ചിത്രം പ്രതിപാദിക്കുന്നതെന്ന് അഞ്ജലി പറഞ്ഞിരുന്നു.

Top