സൗദി അറേബ്യയില്‍ ‘ഫ്‌ലൈ റെഡ് സീ’ പദ്ധതിയിലൂടെ ആദ്യ ജലവിമാനം പറന്നുയര്‍ന്നു

റിയാദ്: സൗദി അറേബ്യയിലെ ചെങ്കടല്‍ ദ്വീപ് റിസോര്‍ട്ടുകളിലേക്ക് അതിഥികളെ എത്തിക്കുന്നതിനായുള്ള ‘ഫ്‌ലൈ റെഡ്സീ സീ’ പദ്ധതിക്കു തുടക്കമായി. അതിഥികളും, സൗദി മന്ത്രിമാരും നേതാക്കളുമടങ്ങുന്ന ഒരു വി.ഐ.പി പ്രതിനിധി സംഘത്തെയും വഹിച്ചുള്ള ആദ്യ വിമാനം തബൂക്ക് മേഖലയിലെ ഹനാക്കിലുള്ള റെഡ് സീ ഇന്റര്‍നാഷനല്‍ വിമാനത്താവളത്തില്‍നിന്നും യാത്ര തിരിച്ചതോടെയാണ് ജലവിമാന യാത്രക്ക് തുടക്കമായത്.

ഹനാക്കിലുള്ള റെഡ് സീ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടാണ് ഈ ജലവിമാനങ്ങളുടെ ഹോം ബേസ് വിമാനത്താവളം. പദ്ധതിക്ക് കീഴില്‍ നിലവില്‍ നാല് ‘സെസ്‌ന കാരവന്‍ 208’ സീ പ്ലെയിനുകളുണ്ട്. ഓരോ വിമാനത്തിനും ഒരു പൈലറ്റിനെയും ആറ് മുതല്‍ ഒമ്പത് വരെ അതിഥികളെയും അവരുടെ ലഗേജിനെയും വഹിക്കാന്‍ ശേഷിയുണ്ട്. അവിടെ പ്രധാന ടെര്‍മിനലിന് സമാന്തരമായി ഒരു പ്രത്യേക സീപ്ലെയിന്‍ റണ്‍വേ വേറെ സ്ഥാപിച്ചിട്ടുണ്ട്. ജലവിമാന പദ്ധതിയില്‍ വലിയ നിക്ഷേപമാണ് നടത്തിയതെന്ന് അമാല റെഡ് സീ ഗ്ലോബല്‍ ഗ്രൂപ്പ് സി.ഇ.ഒ ജോണ്‍ പഗാനോ പറഞ്ഞു.

2028ഓടെ ഒമ്പതായും 2030ഓടെ 20 ആയും ജലവിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. 2030ല്‍ റെഡ് സീ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 22 ദ്വീപുകളില്‍ 50 റിസോര്‍ട്ടുകള്‍, ആറ് ഉള്‍നാടന്‍ സൈറ്റുകളിലുമായി 8,000 വരെ ഹോട്ടല്‍ മുറികള്‍, 1,000ത്തിലധികം മറ്റു താമസസൗകര്യങ്ങള്‍ എന്നിവ ഉണ്ടാവും. ഏവിയേഷന്‍ വ്യവസായത്തിന്റെ കാര്‍ബണ്‍ കാല്‍പാടുകള്‍ കുറക്കുന്നതിനുള്ള സാങ്കേതിക വിദ്യകള്‍ പര്യവേക്ഷണംചെയ്യുകയും സൗദി ജനങ്ങള്‍ക്ക് നൈപുണ്യമുള്ളതും പ്രതിഫലദായകവുമായ തൊഴില്‍ അവസരങ്ങള്‍ ഒരുക്കുകയുംചെയ്യുന്ന ഒരു കമ്പനി സൃഷ്ടിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

Top