കുതിരാന്‍ തുരങ്കത്തിലെ ആദ്യ സുരക്ഷാ ട്രയല്‍ റണ്‍ വിജയകരം

തിരുവനന്തപുരം: തൃശൂര്‍ പാലക്കാട് ദേശീയ പാതയിലെ കുതിരാന്‍ തുരങ്കത്തില്‍ നടത്തിയ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ രണ്ട് ദിവസത്തിനു ശേഷം വീണ്ടും ട്രയല്‍ റണ്‍ നടത്തി ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഓഗസ്റ്റ് ഒന്നിന്ന് കുതിരാന്‍ തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതിന്റെ ഭാഗമായി നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ വേഗത്തിലാക്കാന്‍ കരാര്‍ കമ്പനിക്ക് ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

കുതിരാന്‍ തുരങ്കത്തിലെ വലതു വശത്തെ ടണല്‍ തുറക്കുന്നതിനു മുന്നോടിയായാണ് അഗ്‌നി രക്ഷാ സേനയുടെ ട്രയല്‍ റണ്‍ നടന്നത്. തുരങ്കത്തിലെ വൈദ്യുതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് കരാര്‍ കമ്പനി കെ.എസ്.ഇ.ബിക്ക് സമര്‍പ്പിച്ചാല്‍ ഉടന്‍ തന്നെ വൈദ്യുതി നല്‍കും. ഈ മാസം 22 നകം പ്രധാന നിര്‍മാണ പ്രവര്‍ത്തങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കും.

തുരങ്കത്തിന്റെ ഇരു ഭാഗങ്ങളിലെയും പ്രവേശന കവാടം, പ്രവേശന റോഡുകളിലെ മണ്ണ് നീക്കം ചെയ്യല്‍, കണ്‍ട്രോള്‍ റൂം, ശുചീകരണം, തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ എല്ലാം അതിവേഗം നടന്നു വരികയാണ്. അടുത്ത മാസം ഒന്നിന് തന്നെ തുരങ്കം തുറക്കാനാകുമെന്നാണ് പ്രതീക്ഷ.

Top