ആദ്യ ശബ്ദാതിവേഗ യുദ്ധവിമാനം വിജയകരമായി പരീക്ഷിച്ചുവെന്ന് ചൈന

ബെയ്ജിങ്: ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ളതും മിസൈല്‍ പ്രതിരോധസംവിധാനം തകര്‍ക്കാന്‍ ശേഷിയുള്ളതുമായ ആദ്യ ശബ്ദാതിവേഗ യുദ്ധവിമാനം വിജയകരമായി പരീക്ഷിച്ചുവെന്ന് ചൈന. സിങ്‌കോങ്2, സ്റ്റാറി സ്‌കൈ2 എന്നീ പേരുകളുള്ള വിമാനത്തിന്റെ പരീക്ഷണം വടക്കു പടിഞ്ഞാറന്‍ ചൈനയില്‍ വെള്ളിയാഴ്ച നടത്തിയതായി ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗവേഷണസ്ഥാപനമായ ചൈന അക്കാദമി ഓഫ് എയ്‌റോ സ്‌പേസ് എയ്‌റോഡൈനാമിക്‌സ് (സി.എ.എ.എ.) പറഞ്ഞു.
1533652176703

പത്തുമിനിറ്റാണ് വിമാനം പറത്തിയത്. മുന്‍ നിശ്ചയിച്ചപ്രകാരമുള്ള ലക്ഷ്യത്തില്‍ വിമാനമിറക്കാനായെന്നും സി.എ.എ.എ. പറഞ്ഞു. ചൈന എയ്‌റോസ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോര്‍പ്പറേഷനും സി.എ.എ.എ.യും സംയുക്തമായാണ് സിങ്‌കോങ് രൂപകല്പന ചെയ്തത്.മിസൈല്‍വേധ സംവിധാനം തകര്‍ക്കാന്‍ ശേഷിയുള്ള ശബ്ദാതിവേഗ യുദ്ധവിമാനമുണ്ടാക്കാനുള്ള ശ്രമം റഷ്യയും യു.എസും നടത്തിവരുന്നുണ്ട്. മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്കുപോലും കണ്ടെത്താന്‍ കഴിയാത്ത വേഗതയിലാകും ഈ ഹൈപ്പര്‍സോണിക് വിമാനങ്ങള്‍ കുതിക്കുന്നത്. മണിക്കൂറില്‍ 7,300 കിലോമീറ്ററിലേറെ വേഗത്തില്‍ കുതിക്കുന്ന സ്‌കൈ2 വിമാനങ്ങള്‍ക്ക് ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ കുതിക്കാനാകും.

1533652902116

പരമ്പരാഗത രീതിയിലുള്ള ആണവായുധങ്ങള്‍ വരെ വഹിക്കാന്‍ ശേഷിയുള്ള ഹൈപ്പര്‍ സോണിക് വിമാനങ്ങളുടെ പരീക്ഷണ വിജയം ചൈനീസ് പ്രതിരോധ ഗവേഷണത്തിലെ നാഴികക്കല്ലാണെന്ന് ചൈനീസ് പ്രതിരോധ വിദഗ്ധനായ സോങ് ഷോങ്പിങ് പറഞ്ഞു. അമേരിക്കയ്ക്കും റഷ്യക്കുമൊപ്പം പൊരുതാന്‍ ശേഷിയുള്ള പ്രതിരോധശേഷി ചൈനക്ക് ആര്‍ജിക്കാനായി എന്നതാണ് ഇതു സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പറക്കുന്നതിനിടയില്‍ത്തന്നെ ദിശ ക്ഷണനേരംകൊണ്ട് മാറ്റാനാകുമെന്നതിനാല്‍, മിസൈലുകള്‍ക്കുപോലും സ്‌കൈ2 പോര്‍വിമാനത്തെ തകര്‍ക്കാനാവില്ലെന്നാണ് ചൈനീസ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

പരീക്ഷണം വന്‍വിജയമായിരുന്നുവെന്ന് ചൈനീസ് എയറോസ്‌പേസ് എയറോഡൈനാമിക്‌സ് അക്കാദമിയിലെ ഗവേഷകര്‍ അഭിപ്രായപ്പെട്ടു. മിസൈലുകള്‍ തൊടുക്കാനും, മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ ചെറുക്കാനും കഴിവുള്ള സ്‌കൈ2 ആഗോളതലത്തില്‍ പ്രതിരോധ ഗവേഷണങ്ങളെ വേറിട്ടൊരു തലത്തിലെത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

Top