ബജാജ് – ട്രയംഫ് പങ്കാളിത്തത്തിലെ ആദ്യ മോഡലുകൾ അനാവരണം ചെയ്തു

ട്രയംഫ്-ബജാജ് പങ്കാളിത്തത്തിന് കീഴിലുള്ള ആദ്യ മോഡലുകളായ ട്രയംഫ് സ്പീഡ് 400, സ്‌ക്രാംബ്ലർ 400 എക്‌സ് എന്നിവ അടുത്തിടെ ലോകമെമ്പാടും അനാവരണം ചെയ്യപ്പെട്ടു. ഇപ്പോൾ പൂനെയിൽ നടന്ന ഒരു പരിപാടിയിൽ ഇന്ത്യയിലും അരങ്ങേറ്റം കുറിച്ചു. സ്പീഡ് 400 ഇതിനകം തന്നെ 2.33 ലക്ഷം രൂപ എക്സ്-ഷോറൂം വിലവയില്‍ വാങ്ങാൻ ലഭ്യമാണ്. അതേസമയം സ്‌ക്രാംബ്ലർ 400 X ന്റെ വിലകൾ 2023 ഒക്ടോബറിൽ പ്രഖ്യാപിക്കും.

ബിഎംഡബ്ല്യു ജി 310ആർ, കെടിഎം 390 ഡ്യൂക്ക് എന്നിവയുൾപ്പെടെ, പുതിയ ട്രയംഫ് സ്പീഡ് 400ന് അതിന്റെ മിക്ക എതിരാളികളേക്കാളും വില കുറവാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. ട്രയംഫ് ബൈക്കിന് 16,000 കിലോമീറ്റർ സർവീസ് ഇടവേളയ്‌ക്കൊപ്പം രണ്ട് വർഷത്തെ/അൺലിമിറ്റഡ് മൈലേജ് വാറന്റി വാഗ്ദാനം ചെയ്യുന്നു.

പുതിയ ട്രയംഫ് 400 സിസി ബൈക്കില്‍ 6-സ്പീഡ് ഗിയർബോക്‌സുമായി ഘടിപ്പിച്ച 398 സിസി, സിംഗിൾ-സിലിണ്ടർ TR-സീരീസ് എഞ്ചിനാണ് സ്പീഡ് 400-ൽ സജ്ജീകരിച്ചിരിക്കുന്നത്. ഈ എഞ്ചിൻ 8,000 ആർപിഎമ്മിൽ പരമാവധി 40 ബിഎച്ച്പി കരുത്തും 6,500 ആർപിഎമ്മിൽ 37.5 എൻഎം ടോർക്കും സൃഷ്ടിക്കും. ട്രയംഫ് സ്‌ക്രാമ്പ്‌ളർ 400 എക്‌സിലും ഇതേ എൻജിൻ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

എംആർഎഫ് സ്റ്റീൽ ബ്രേസ് ടയറുകൾ ഘടിപ്പിച്ച 17 ഇഞ്ച് അലോയ് വീലുകളാണ് സ്പീഡ് 400 ന്റെ സവിശേഷത. 140എംഎം ഫ്രണ്ട് സസ്‌പെൻഷൻ, 130എംഎം റിയർ സസ്‌പെൻഷൻ, 300എംഎം ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, ഡ്യുവൽ ചാനൽ എബിഎസ് എന്നിവയുമായാണ് ഇത് വരുന്നത്. 790 എംഎം സീറ്റ് ഉയരവും 170 കിലോഗ്രാം ഭാരവുമാണ് ബൈക്കിനുള്ളത്.

സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ട്, ട്രാക്ഷൻ കൺട്രോൾ, ഓപ്ഷണൽ ഹീറ്റഡ് ഗ്രിപ്പുകൾ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ഓൾ-എൽഇഡി ലൈറ്റിംഗ് എന്നിവയുൾപ്പെടെ വിവിധ സവിശേഷതകളാൽ പുതിയ ട്രയംഫ് 400 സിസി ബൈക്ക് നിറഞ്ഞിരിക്കുന്നു. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, റൗണ്ട് ബാർ-എൻഡ് മിററുകൾ, ഗോൾഡൻ യുഎസ്ഡി ഫ്രണ്ട് ഫോർക്കുകൾ, ഇരട്ട-ടിപ്പ് എക്‌സ്‌ഹോസ്റ്റ് എന്നിവ ബൈക്കിന്റെ ചില ഡിസൈൻ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

Top