ഭുവനേശ്വര്‍: ഇന്ത്യന്‍ ഫുട്‌ബോളില്‍ അടുത്തകാലത്തുവന്ന മാറ്റങ്ങളുടെ വിളവെടുപ്പാണ് ലോകകപ്പ് യോഗ്യതാറൗണ്ടിലെ ആദ്യമത്സരത്തില്‍ കുവൈത്തിനെതിരേ കണ്ടത്. എതിരാളിയുടെ തട്ടകത്തില്‍ 1-0ത്തിന് ജയിച്ച് ടീം ഇന്ത്യ നല്ലതുടക്കമിട്ടു. യോഗ്യതാമത്സരത്തില്‍ 22 വര്‍ഷത്തിനുശേഷമാണ് ഇന്ത്യ വിദേശമണ്ണില്‍ ജയിക്കുന്നത്. ആ ജയം നല്‍കിയ ആവേശത്തിലും ആത്മവിശ്വാസത്തിലുമാണ് എ ഗ്രൂപ്പിലെ കടുത്ത പോരാട്ടത്തിന് ഇന്ത്യ ചൊവ്വാഴ്ച ഇറങ്ങുന്നത്. എതിരാളി ഖത്തര്‍. മത്സരം രാത്രി ഏഴുമണിക്ക് കലിംഗ സ്റ്റേഡിയത്തില്‍ ആരംഭിക്കും.
4-3-3 ശൈലിയിലാണ് ടീം കുവൈത്തിനെതിരേ കളിച്ചത്. ഖത്തറിനെതിരേയുള്ള ടീമില്‍ കാര്യമായ മാറ്റമുണ്ടാകില്ല. എന്നാല്‍, എതിരാളി ശക്തരായതിനാല്‍ ഡിഫന്‍സീവ് ഗെയിം പുറത്തെടുക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ മധ്യനിരയില്‍ സുരേഷ് സിങ്-അപുയ എന്നിവര്‍ക്കൊപ്പം ഡിഫന്‍സീവ് മൈന്‍ഡുള്ള അനിരുദ്ധ് ഥാപ്പയെ കളിപ്പിച്ചേക്കും. കഴിഞ്ഞമത്സരത്തില്‍ സഹല്‍ അബ്ദുസമദാണ് കളിച്ചിരുന്നത്. അന്‍വര്‍ അലിക്ക് പരിക്കേറ്റതിനാല്‍ പ്രതിസന്ധിയിലായ സെന്‍ട്രല്‍ ഡിഫന്‍സില്‍ രാഹുല്‍ ഭെക്കെ തുടരും. കുവൈത്തിനെതിരേ സന്ദേശ് ജിംഗാനൊപ്പം ഭെക്കെ മികച്ചകളിയാണ് പുറത്തെടുത്തത്. മുന്നേറ്റത്തില്‍ നായകന്‍ സുനില്‍ ഛേത്രി-മന്‍വീര്‍ സിങ്-മഹേഷ് സിങ് ത്രയമാകും. ലാലിയന്‍ സുവാല ചാങ്‌തേ പകരക്കാരനാകും.
പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന്റെ തന്ത്രങ്ങളിലാണ് ഇന്ത്യന്‍ പ്രതീക്ഷയത്രയും. പരിശീലകനെന്നനിലയില്‍ മോശം തുടക്കംലഭിച്ച സ്റ്റിമാച്ച് പതിയെ ഇന്ത്യന്‍ ടീമിനെ മാറ്റിയെടുത്തു. തന്റെ ഗെയിംപ്ലാനിനനുയോജ്യമായ ടീം കൈയിലുണ്ട്. പാസിങ് ഗെയിം കളിക്കുന്ന വിജയതൃഷ്ണയുള്ള ഇന്ത്യന്‍ ടീമാണ് ഇപ്പോഴുള്ളത്.