പൃഥ്വിരാജ് – ബ്ലസ്സി ചിത്രം ആടുജീവിതത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നു

ലയാളി സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബ്ലസ്സി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥിരാജാണ് നായകന്‍. പ്രഖ്യാപനം മുതല്‍ പൃഥ്വിരാജിന്റെ അമ്പരപ്പിക്കുന്ന മെയ്ക്കോവര്‍ വരെ സിനിമയുമായി ബന്ധപ്പെട്ടിറങ്ങുന്ന ഒരോ വാര്‍ത്തയും മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. ഏപ്രില്‍ പത്തിന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. തെലുങ്ക് സൂപ്പര്‍താരം പ്രഭാസിന്റെ സോഷ്യല്‍ മീഡീയ പേജിലൂടെയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.

സമീപകാലത്ത് മലയാള സാഹിത്യത്തില്‍ ഏറ്റവും മികച്ച വായനാനുഭവം സമ്മാനിച്ച ബെന്യാമിന്റെ ‘ആടുജീവിത’ത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്. 160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. കൊവിഡ് മഹാമാരി സിനിമയുടെ ചിത്രീകരണം നീളുന്നതിന് കാരണമായിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍ ആടുജീവിതത്തിന്റെ ഗ്ലിപ്‌സ് എന്ന നിലയില്‍ ഒരു വീഡിയോ പുറത്തെത്തിയിരുന്നു. മികച്ച അഭിപ്രായമാണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്. മലയാള സിനിമയില്‍ ഇതുവരെ കണ്ട ദൃശ്യാവിഷ്‌കാരത്തില്‍ നിന്ന് ഏറെ വ്യത്യസ്തയും ആകാംക്ഷയും നല്‍കുന്നതുമായിരുന്നു വീഡിയോ. അതുകൊണ്ട് തന്നെ ചിത്രം എത്തുന്നത് ലോക സിനിമ ചരിത്രത്തില്‍ തന്നെ ഇടം നേടിക്കൊണ്ടായിരിക്കുമെന്നാണ് പ്രേക്ഷക പ്രതികരണം.

2013 ല്‍ പുറത്തിറങ്ങിയ ‘കളിമണ്ണി’ന് ശേഷം ബ്ലെസിയുടെതായി സിനിമകളൊന്നും പുറത്തിറങ്ങിയിരുന്നില്ല. സംവിധായകന്‍ ബ്ലസ്സിയുടെ സ്വപ്ന ചിത്രമായാണ് ആടുജീവിതം ഒരുങ്ങുന്നത്. അമല പോളാണ് ചിത്രത്തിലെ നായിക. ശോഭാ മോഹനും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എ ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടിയും എഡിറ്റിംഗ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്. സുനില്‍ കെ എസ് ആണ് ഛായാഗ്രഹണം.

Top