മോഹൻലാലിന് പിറന്നാള്‍ ആശംസകളുമായി ‘വാലിബന്റെ’ ഫസ്റ്റ് ഗ്ലിംപ്‍സ് വീഡിയോ പുറത്ത്

മോഹന്‍ലാലിന്റേതായി വരാനിരിക്കുന്ന പ്രോജക്റ്റുകളില്‍ പ്രേക്ഷകശ്രദ്ധയില്‍ മുന്നില്‍ നില്‍ക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. യുവതലമുറയിലെ ശ്രദ്ധേയ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം മോഹന്‍ലാല്‍ ആദ്യമായി പ്രവര്‍ത്തിക്കുന്ന ചിത്രം എന്നതാണ് ഇതിന് പ്രധാന കാരണം. രാജസ്ഥാന്‍ പ്രധാന ലൊക്കേഷനാക്കുന്ന ചിത്രത്തിന്റെ രാജസ്ഥാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായിരുന്നു. ചെന്നൈ ഷെഡ്യൂള്‍ ആണ് പൂര്‍ത്തിയാവാനുള്ളത്. ചിത്രത്തിന്റെ നേരത്തേ പുറത്തെത്തിയ ഫസ്റ്റ് ലുക്ക് വലിയ പ്രേക്ഷപ്രീതി നേടിയിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിന്റെ പിറന്നാളിനോടനുബന്ധിച്ച് ഗ്ലിംപ്സസ് ഓഫ് വാലിബന്‍ എന്ന പേരില്‍ ഒരു ചെറു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

ഒരു ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന മികവാര്‍ന്ന വിഷ്വല്‍ കൊറിയോഗ്രഫി അനുഭവിപ്പിക്കുന്ന ഏതാനും ഷോട്ടുകള്‍ ചേര്‍ന്നുള്ളതാണ് വീഡിയോ. ഒപ്പം ടൈറ്റില്‍ റോളിലെത്തുന്ന മോഹന്‍ലാലുമുണ്ട്. 77 ദിവസം കൊണ്ടാണ് രാജസ്ഥാന്‍ ഷെഡ്യൂള്‍ ലിജോയും സംഘവും ചേര്‍ന്ന് പൂര്‍ത്തിയാക്കിയത്. ഒരുപാട് വലിയ തരത്തിലുള്ള സീക്വന്‍സുകള്‍ ഉള്ള, നമുക്ക് പെട്ടെന്ന് ഷൂട്ട് ചെയ്ത് എടുക്കാന്‍ ബുദ്ധിമുട്ട് ഉള്ള തരത്തിലുള്ള സീക്വന്‍സുകളുള്ള ഒരു സിനിമ ആയിരുന്നു നമ്മുടെ സിനിമ. പ്രത്യേകിച്ച് രാജസ്ഥാന്‍ പോലെ ഒരു സ്ഥലത്ത് വന്ന് അത് ഷൂട്ട് ചെയ്ത് എടുക്കുക എന്നത്. അപ്പോള്‍ അത് വിജയകരമായി പൂര്‍ത്തിയാക്കിയതായി ഞാന്‍ ഇവിടെ പറഞ്ഞുകൊള്ളട്ടെ. എല്ലാവര്‍ക്കും നന്ദി. ഓരോ വിഭാഗങ്ങളെയും എടുത്തുപറയുന്നില്ല. പ്രശ്നങ്ങള്‍ ഇല്ലാതിരുന്നു എന്നല്ല. പക്ഷേ അതെല്ലാം നമ്മള്‍ തരണം ചെയ്ത് ഷെഡ്യൂള്‍ തീര്‍ന്നു എന്നതിലാണ് നമ്മളെല്ലാവരും സന്തോഷിക്കുന്നത്. സബ് കെ ലിയെ ഏക് ബഡാ ബഡാ ശുക്രിയ ഔര്‍ ധന്യവാദ്. ഒപ്പം നിന്നതിന് നന്ദി. ചെന്നൈയില്‍ നമുക്ക് ഒരു ചെറിയ ഷെഡ്യൂള്‍ കൂടി ഉണ്ട്, രാജസ്ഥാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായ വേളയില്‍ ലിജോ സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Top