യുക്രൈനില്‍ കുടുങ്ങിയവരുമായുള്ള രക്ഷാപ്രവര്‍ത്തനത്തിലെ ആദ്യ വിമാനം മുംബൈക്ക് തിരിച്ചു

ബുച്ചറെസ്റ്റ്: യുക്രൈനില്‍ കുടുങ്ങിയവരുമായുള്ള രക്ഷാപ്രവര്‍ത്തനത്തിലെ ആദ്യ വിമാനം മുംബൈക്ക് തിരിച്ചു. 219 ഇന്ത്യക്കാരുമായി റൊമേനിയയില്‍ നിന്ന് തിരിച്ച വിമാനത്തില്‍ 30 ല്‍ അധികം മലയാളികളുണ്ട്. അര്‍ദ്ധരാത്രിയോടെ വിമാനം മുംബൈയില്‍ എത്തും. ഇന്ത്യന്‍ സമയം രാവിലെ 9.30 ഓടെയാണ് ആദ്യസംഘം റൊമേനിയിലെ ബുക്കാറെസ്റ്റിലെ വിമാനത്താവളത്തില്‍ എത്തിയത്.

ഭക്ഷണവും വെള്ളവും ഇവര്‍ക്ക് എംബസി അധികൃതര്‍ വിതരണം ചെയ്തു. മുംബൈയിലേക്ക് എത്തുന്ന ആദ്യ സംഘത്തെ സ്വീകരിക്കാന്‍ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ എത്തും. അതേസമയം രക്ഷാദൌത്യത്തിനായി രണ്ടാം വിമാനം റൊമേനിയയിലേക്ക് തിരിച്ചു.

യുക്രൈനില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ ഒഴിപ്പിക്കല്‍ വിമാനങ്ങളില്‍ ദില്ലി, മുംബൈ നഗരങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ട്.

 

Top