ഓലയുമായി സഹകരിച്ച്‌ ആദ്യ ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷന്‍ നാഗ്പൂരില്‍

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയ പ്രകാരം പെട്രോള്‍, ഡീസല്‍ വാഹനങ്ങളെ ഉപേക്ഷിച്ച് 2030ഓടെ പൂര്‍ണമായും ഇലക്ട്രിക് യുഗത്തിലേക്കു മാറാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ.

ടാക്‌സി സേവനദാതാക്കള്‍ ഓലയുമായുള്ള സംയുക്ത പങ്കാളിത്തത്തില്‍ നാഗ്പൂരിലെ പെട്രോള്‍ പമ്പിലാണ് ആദ്യ ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സ്ഥാപിച്ചത്.

പൊതു വൈദ്യുത ഗതാഗത സംവിധാനം സ്വീകരിച്ച ആദ്യ ഇന്ത്യന്‍ നഗരം കൂടിയാണ് നാഗ്പൂര്‍.

ടാക്‌സികള്‍, ബസുകള്‍, റിക്ഷകള്‍ ഉള്‍പ്പെടെ ഇരുനൂറോളം ഇലക്ട്രിക് വാഹനങ്ങളാണ് നാഗ്പൂരില്‍ സേവനം അനുഷ്ടിക്കുന്നത്.

ഇലക്ട്രിക് വാഹനങ്ങളും ചാര്‍ജിംഗ് പോയിന്റുകളും കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പുതിയ നടപടി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍.

ഇതിന്റെ ഭാഗമായി ആദ്യ ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ രാജ്യത്ത് സ്ഥാപിച്ചു.

ദില്ലിയില്‍ 55 ഇടങ്ങളില്‍ ചാര്‍ജിംഗ് സ്റ്റേഷനുകളെ കേന്ദ്രം സ്ഥാപിക്കുമെന്നു നീതി ആയോഗ് വ്യക്തമാക്കിയിട്ടുണ്ട്.

ഇതിന് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നാലായിരം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള എനര്‍ജി എഫിഷ്യന്‍സി സര്‍വീസ് ലിമിറ്റഡ് ആഗോള ടെന്‍ഡര്‍ വിളിക്കാനും ഒരുങ്ങുന്നുണ്ട്.

Top