ദീപുവിന്റെ കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന് എഫ്‌ഐആര്‍

തിരുവനന്തപുരം: കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന് എഫ്‌ഐആര്‍. രാഷ്ട്രീയ വിരോധമാണ് കൊലയ്ക്ക് പിന്നില്‍ എന്നാണ് പോലീസ് റിപ്പോര്‍ട്ട്. മര്‍ദിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്നും എഫ്‌ഐആര്‍. സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.

ചേലക്കുളം സ്വദേശികളായ സൈനുദീന്‍, ബഷീര്‍, അബ്ദുല്‍ റഹ്മാന്‍, അസീസ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ദീപുവിനെ മര്‍ദ്ദിച്ചത് ആസൂത്രിതമല്ലെന്നാണ് സിപിഎമ്മിന്റെ വിശദീകരണം. വിളക്കണയ്ക്കല്‍ പ്രതിഷേധത്തിന്റെ ഭാഗമായി വീടുകളിലെ ലൈറ്റുകള്‍ ദീപു ബലം പ്രയോഗിച്ച് അണയ്ക്കാന്‍ ശ്രമിച്ചു. ഇത് തടയാന്‍ സിപിഎം പ്രവര്‍ത്തകര്‍ ചെന്നതോടെ സംഘര്‍ഷമുണ്ടാകുകയായിരുന്നു. അറസ്റ്റിലായ പ്രതികള്‍ക്ക് നിയമസഹായം നല്‍കുമെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി.

അതേസമയം, ദീപുവിന്റെ മൃതദേഹം പാറപ്പുറത്തെ വീട്ടിലെത്തിച്ചു. കിഴക്കമ്പലത്തെ പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്രയായാണ് മൃതദേഹം വീട്ടിലെത്തിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. സംസ്‌കാരം അല്‍പ്പസമയത്തിനകം കാക്കനാട് അത്താണിയിലെ പൊതുശ്മശാനത്തില്‍ നടക്കും.

Top