ധനമന്ത്രിയുടെ നിലപാട് ധിക്കാരപരം, കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക ഉടന്‍ നല്‍കണം; ചെന്നിത്തല

chennithala

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കുടിശിക ഉടന്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

അഞ്ചു മാസമായി പെന്‍ഷന്‍ മുടങ്ങിക്കിടക്കുകയാണെന്നും, പെന്‍ഷന്‍കാരില്‍ ഏറെപ്പേരും വയോവൃദ്ധരും പലവിധത്തിലുള്ള രോഗങ്ങള്‍ക്ക് അടിപ്പെട്ടവരുമാണെന്നും, മറ്റു വരുമാനമില്ലാതെ ഇവരുടെ ജീവിതം വഴിമുട്ടി നില്‍ക്കുകയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

മരുന്ന് വാങ്ങാനുള്ള കാശ് പോലുമില്ലാതെ വിഷമിക്കുകയാണവരെന്നും, കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് പടിക്കല്‍ ഉപരോധം നടത്താന്‍ വന്ന പെന്‍ഷന്‍കാരുടെ ദയനീയാവസ്ഥ എല്ലാവരും കണ്ടതാണെന്നും, ഇതൊരു മാനുഷിക പ്രശ്‌നമായി എടുത്ത് സ്ഥായിയായ ഒരു പരിഹാരം കണ്ടെത്തുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

മാത്രമല്ല, കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ പറ്റില്ല എന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ നിലപാട് ധിക്കാരപരമാണെന്നും, അവര്‍ക്ക് നല്‍കി വരുന്ന പെന്‍ഷന്‍ നല്‍കുക തന്നെ വേണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

ധനമന്ത്രിയുടെ നിലപാട് ധിക്കാരപരം കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കുടിശിക ഉടന്‍ നല്‍കണം ചെന്നിത്തല

Top