കലാശക്കൊട്ട് കഴിഞ്ഞു, ഇനി വോട്ടെടുപ്പ്, കേരളം, തിരുത്തുമോ പഴയ ചരിത്രം ?

വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചരണത്തിനാണ്, ഇപ്പോൾ പരിസമാപ്തി കുറിച്ചിരിക്കുന്നത്. ഇനിയുള്ള മണിക്കൂറുകൾ രാഷ്ട്രീയ പാർട്ടികൾക്കെല്ലാം നിർണ്ണായകമാണ്. വോട്ടർമാരുടെ മനസ്സിലുള്ളത് എന്താണെന്ന കാര്യത്തിൽ  ഇപ്പോഴും പൂർണ്ണമായും വ്യക്തത കൈവന്നിട്ടില്ല. പുറത്തു വന്ന എല്ലാ പ്രധാന അഭിപ്രായ സർവേകളിലും മുൻതൂക്കം ഇടതുപക്ഷത്തിനാണ് പ്രവചിച്ചിരിക്കുന്നത്. എന്നാൽ, അഭിപ്രായ സർവേകളിൽ അഹങ്കരിക്കാതെയാണ് സി.പി.എം നേതൃത്വം മുന്നോട്ട് പോകുന്നത്. അവസാന നിമിഷം വരെ  ജാഗ്രതയോടെ പ്രവർത്തിക്കാനാണ്  ഇടതുപക്ഷ പ്രവർത്തകർക്ക് സി.പി.എം നേതൃത്വം നിർദ്ദേശം നൽകിയിരിക്കുന്നത്.

യു.ഡി.എഫിനെ സംബന്ധിച്ചാണെങ്കിൽ, ഇത്തവണ ഇല്ലങ്കിൽ  ഇനി ഒരിക്കലും ഇല്ല എന്ന അവസ്ഥയാണ് നിലവിലുള്ളത്. അതു കൊണ്ടു തന്നെ, ചങ്കിടിക്കുന്നതും യു.ഡി.എഫ് നേതൃത്വത്തിനാണ്. രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയുമെല്ലാം, സജീവമായാണ് കേരളത്തിലെ പ്രചരണ പ്രവർത്തനങ്ങളിൽ പങ്കാളിയായിരിക്കുന്നത്. കടലിൽ ചാടുന്ന സാഹസം കാട്ടാനും, രാഹുൽ ഗാന്ധി തയ്യാറാവുകയുണ്ടായി. ഇനി ഭരണം കിട്ടിയില്ലെങ്കിൽ, ആ ‘കടൽ ചാട്ടമാണ്’ വെറുതെയാവുക. ബി.ജെ.പിയാകട്ടെ, പ്രധാനമന്ത്രി ഉൾപ്പെടെ ഉള്ളവരെ രംഗത്തിറക്കിയാണ്  പ്രചരണ രംഗം കൊഴുപ്പിച്ചിരിക്കുന്നത്. ചുരുങ്ങിയത് 5 സീറ്റിലെങ്കിലും വിജയിക്കുമെന്നതാണ് കാവി പടയുടെ അവകാശവാദം.അതേസമയം, ഇടതുപക്ഷത്ത് പടനയിക്കാൻ  പ്രധാനമായും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് രംഗത്തിറങ്ങിയിരുന്നത്. പിണറായിയുടെ പൊതുയോഗങ്ങളിൽ ഒഴുകി എത്തിയ പതിനായിരങ്ങളുടെ ആവേശമാണ്  ചെമ്പടയുടെ കരുത്ത്. ഭരണ തുടർച്ച സാധ്യമായാൽ, അതിന്റെ ക്രെഡിറ്റും, പ്രധാനമായും പിണറായി വിജയനു തന്നെയായിരിക്കും. ഇടതു സർക്കാറിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും, വികസന പദ്ധതികളും, വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ഭരണപക്ഷമുളളത്.

ആ  ആത്മവിശ്വാസം മുഖ്യമന്ത്രിയുടെ വാക്കുകളിലും പ്രകടമാണ്.അഞ്ചു വർഷം കൂടുമ്പോൾ ഭരണം മാറുന്ന പതിവ് ഇത്തവണ കേരളം തെറ്റിച്ചാൽ, അതും ചരിത്രമാകും. കേരള രാഷ്ട്രീയത്തിൽ തന്നെ വലിയ മാറ്റങ്ങൾക്കാണ്  അത്തരമൊരു വിധിയെഴുത്ത് വഴിയൊരുക്കുക. ഈ യാഥാർത്ഥ്യം മനസ്സിലാക്കി  സർവ്വശക്തിയുമെടുത്താണ് യു.ഡി.എഫ് ഇത്തവണ പോരാടുന്നത്. രാഹുലിനെ ആശ്രയിച്ചതും  അതിന്റെ ഭാഗമാണ്. കേരളം ‘കൈ’വിട്ടാൽ, ദേശീയ തലത്തിൽ, രാഹുലിന്റെ പ്രതിച്ഛായയാണ് വീണ്ടും തകരുക. എം.പിയാക്കി രാഹുലിനെ ജയിപ്പിച്ചു വിട്ട സംസ്ഥാനം തന്നെ കോൺഗ്രസ്സിനെ കൈവിടുന്നത്, ദേശീയ മാധ്യമങ്ങൾക്കും നല്ല ‘വിരുന്നായി’ മാറും. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇടപെട്ട, എ.ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പദവിയും, അത്തരമൊരു സാഹചര്യത്തിൽ തെറിച്ചേക്കും. കേരളത്തിൽ കൂടി തിരിച്ചടി നേരിട്ടാൽ, ഗാന്ധി കുടുംബത്തിനു പുറത്തു നിന്ന് ഒരു അദ്ധ്യക്ഷൻ എന്ന നിലയിലേക്ക്, കോൺഗ്രസ്സിനു പോകേണ്ടി വരുമെന്നാണ്  രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ, മുൾമുനയിൽ നിന്നു തന്നെയാണ്, കേരളത്തിലെ തിരഞ്ഞെടുപ്പിനെ കോൺഗ്രസ്സ് നേരിടുന്നത്.ഭരണം ലഭിച്ചില്ലങ്കിൽ, പ്രതിപക്ഷ നേതാവാകാൻ പോലും ചെന്നിത്തലയ്ക്ക് കഴിഞ്ഞെന്നു വരികയില്ല. കെ.പി.സി.സി തന്നെ പിരിച്ചുവിടപ്പെടുകയും ചെയ്യും. ഭരണം ലഭിക്കേണ്ടത് കോൺഗ്രസ്സിന്റെ മാത്രമല്ല, യു.ഡി.എഫിന്റെ തന്നെ  നിലനിൽപ്പിനു അനിവാര്യമാണ്.

രാഷ്ട്രീയ പോരിനൊപ്പം തന്നെ, വ്യക്തികേന്ദ്രീകൃത പോരും, ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. അത്ഏറ്റവും രൂക്ഷമായി ഉണ്ടായ മണ്ഡലമാണ് ബേപ്പൂർ. ഇവിടെ തുടക്കം മുതൽ പ്രചരണ രംഗത്ത് ആധിപത്യം പുലർത്തിയത് ഇടതുപക്ഷ സ്ഥാനാർത്ഥി മുഹമ്മദ് റിയാസാണ്.അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കാനും, അപവാദ പ്രചരണം അഴിച്ചു വിടാനും, യു.ഡി.എഫ് സ്ഥാനാർത്ഥി തന്നെ രംഗത്തിറങ്ങിയെന്നതാണ് ഇടതുപക്ഷ പ്രവർത്തകരുടെ ആരോപണം. ഇത് കേവലം ഒരു ആരോപണമായി മാത്രം തള്ളിക്കളയാൻ കഴിയുന്നതല്ല. കാരണം, മണ്ഡലത്തിലെ യു.ഡി.എഫ് യോഗത്തിൽ തന്നെ, ഇത്തരം പ്രചരണങ്ങൾക്കെതിരെ  രൂക്ഷമായ എതിർപ്പാണ് ഉയർന്നിരിക്കുന്നത്. വാസ്തവവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യം പ്രചരിപ്പിക്കുന്നത് തിരിച്ചടിയാകുമെന്ന അഭിപ്രായമാണ്  ബേപ്പൂരിലെ മുതിർന്ന കോൺഗ്രസ്സ് നേതാക്കളും പ്രകടിപ്പിച്ചിരിക്കുന്നത്. സ്ഥാനാർത്ഥിക്കെതിരെ കോൺഗ്രസ്സിൽ തന്നെ വിമർശനമുയർന്നത് രാഷ്ട്രീയ നിരീക്ഷകരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.ബേപ്പൂർ പോലെ ഉറച്ച ഒരു ഇടതുപക്ഷ മണ്ഡലം  പിടിച്ചെടുക്കുക എന്നത്, യു.ഡി.എഫിനെ സംബന്ധിച്ച്  നിരവധി വർഷങ്ങളായി ഒരു സ്വപ്നം മാത്രമാണ്.ഇത്തവണയും അതിൽ വലിയ ഒരു മാറ്റം ‘ഖദർ’ ധാരികൾ പോലും പ്രതീക്ഷിക്കുന്നുമില്ല. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട്  കോൺഗ്രസ്സിൽ തന്നെ ഭിന്നതയുണ്ടായ മണ്ഡലം കൂടിയാണ് ബേപ്പൂർ.യു.ഡി.എഫ് സ്ഥാനാർത്ഥി പി.എം.നിയാസിനെതിരെ, യുഡിഎഫിൽ വലിയ പൊട്ടിത്തെറിയാണ്  ഉണ്ടായിരിക്കുന്നത്. യുഡിഎഫ് മണ്ഡലം ഭാരവാഹികൾ രാജിവച്ച്  സിപിഎമ്മിൽ ചേർന്നു പ്രവർത്തിക്കാൻ എടുത്ത തീരുമാനം  കെ.പി.സി.സി നേതൃത്വത്തെയും ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം പാരമ്യത്തിൽ എത്തിനിൽക്കെയാണ്, പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്. രാജിവച്ച 13 യുഡിഎഫ് മണ്ഡലം ഭാരവാഹികളും, സിപിഎമ്മിലാണ് ചേർന്നിരിക്കുന്നത്.

 

ഇടതുപക്ഷ സ്ഥാനാർത്ഥി മുഹമ്മദ് റിയാസിനെതിരെ, യു.ഡി.എഫ് സ്ഥാനാർത്ഥിയും ശിങ്കിടികളും, അപവാദ പ്രചരണം നടത്തുന്നത് അംഗീകരിക്കാൻ കഴിയില്ലന്ന നിലപാടും, നിലവിൽ ഒരു വിഭാഗം യു.ഡി.എഫ് പ്രവർത്തകർക്കുണ്ട്.രാഷ്ട്രീയമായി റിയാസിനെയും ഇടതുപക്ഷത്തെയും നേരിടണമെന്നും, അപവാദം പ്രചരിപ്പിച്ചാൽ, സോഷ്യൽ മീഡിയയുടെ പുതിയ കാലത്ത് അത് വിലപ്പോവില്ലെന്നുമാണ് ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നത്.യു.ഡി.എഫ് യോഗത്തിൽ, ഇക്കാര്യം ഉന്നയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രചരിപ്പിച്ച അപവാദങ്ങളെല്ലാം  തെളിവുകൾ സഹിതം പൊളിച്ചടുക്കപ്പെട്ടതും, യു.ഡി.എഫ് ക്യാംപിന് വലിയ തിരിച്ചടിയായിട്ടുണ്ട്.ഇതിനെല്ലാം കാരണം, സ്ഥാനാർത്ഥിയുടെ എടുത്ത് ചാട്ടമാണെന്ന വികാരമാണ് പ്രാദേശിക നേതാക്കൾക്കുള്ളത്. അതേസമയം, എന്തു പ്രകോപനം ഉണ്ടായാലും, എതിർ സ്ഥാനാർത്ഥിയെ വ്യക്തിപരമായി കടന്നാക്രമിക്കരുതെന്ന നിർദ്ദേശമാണ്, ഇടതു നേതാക്കൾ കീഴ്ഘടകങ്ങൾക്ക് നൽകിയിരിക്കുന്നത്. രാഷ്ട്രീയ പോരാട്ടത്തെ വഴിതിരിച്ചു വിടാനുള്ള നീക്കമൊന്നും ബേപ്പൂരിൽ ചിലവാകില്ലന്നാണ്, ഇടതു നേതാക്കളുടെ പ്രതികരണം. ഇടതുപക്ഷ സ്ഥാനാർത്ഥി മുഹമ്മദ് റിയാസ്, ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റു കൂടിയായതിനാൽ, രാഷ്ട്രീയ കേരളം ശ്രദ്ധിക്കുന്ന മത്സരമാണിപ്പോൾ  ബേപ്പൂരിൽ നടക്കുന്നത്.

Top